‘ഇനി കുറച്ചു നാള്‍ വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ താല്പര്യമില്ല’; ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മയ്ക്കരികിലേക്ക്


മേപ്പയ്യൂര്‍: ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മ ശ്രീലതയ്ക്കരികിലേക്ക്. കാണാതായ തന്റെ മകനെ തിരികെ ലഭിച്ചതിന്റെ സന്തേഷത്തിലായിരുന്നു ആ അമ്മ മനസ്സ്. ആരോടും പരാതിയില്ലെന്ന് ദീപക് കോടതി മുമ്പാകെ ബോധിപ്പിച്ചു. പയ്യോളി കോടതിയിലെത്തിയ അമ്മ ശ്രീലതക്കും അടുത്ത ബന്ധുവിനൊപ്പം ദീപക്കിനെ വിട്ടയച്ചു. ഇനി കുറച്ചു നാള്‍ വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ തനിക്ക് താല്പര്യമില്ലെന്നും ദീപക് പറഞ്ഞു.

ജൂണ്‍ ഏഴ് മുതലാണ് ദീപകിനെ കാണാതാവുന്നത്. താനാണെന്നു കരുതി മറ്റൊരാളുടെ മൃതദേഹം വീട്ടുകാര്‍ സംസ്‌കരിച്ചതും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമെല്ലാം ദീപക് അറിയുന്നത് പോലീസിനൊപ്പം ബന്ധുക്കള്‍ ഗോവയില്‍ എത്തിയപ്പോള്‍ മാത്രമായിരുന്നു.

ഞാന്‍ യാത്ര ആരംഭിച്ചതും അവസാനിപ്പിച്ചതും ഗോവയില്‍ തന്നെയെന്ന് ദീപക് മൊഴി നല്‍കി. ഗോവയില്‍ നിന്ന് യാത്ര ആരംഭിച്ച് ബോംബെ, മധ്യപ്രദേശിലെ ഇറ്റാര്‍സി, ചണ്ഡീഗഡ്, ഷിംല തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളിലും ഏറെക്കാലം ചിലവിട്ടു. കയ്യില്‍ കിട്ടിയ ജോലികള്‍ എല്ലാം ചെയ്തു. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലുമെല്ലാം താമസിച്ച് ജോലി ചെയ്തു. ഹിന്ദിയും ഇംഗ്ലീഷും അറബിയും വശമുള്ളതിനാല്‍ ജോലിക്കും ബുദ്ധിമുട്ടുണ്ടായില്ല. കയ്യില്‍ കിട്ടിയ ജോലികള്‍ എല്ലാം ചെയ്തു. ഇത്തരത്തില്‍ ജോലി ചെയ്ത് കിട്ടിയ പണം കൊണ്ടാണ് ഭക്ഷണം കഴിച്ചതും യാത്ര ചെയ്തതും.

പ്ലസ്ടുവിന് ശേഷം പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയ ദീപക് പല സ്ഥലങ്ങളിലും ജോലി ചെയ്തിരുന്നു. അതിനുശേഷമാണ് വിദേശത്തേക്ക് പോയത്. അവിടെ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ദീപകിനെ കാണാതായത്.