കുടുംബശ്രീ പ്രവർത്തകർക്കായി മൂന്ന് കോടി രൂപ; നൊച്ചാട് പഞ്ചായത്തിൽ മെെക്രോക്രെഡിറ്റ് വായ്പ വിതരണം ചെയ്തു


പേരാമ്പ്ര: നൊച്ചാട് ​ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീകൾക്കായുള്ള മെെക്രോക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കേരള സംസ്ഥാന പിന്നോക്ക വിഭാ​ഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ പ്രസാദ് അധ്യക്ഷത വഹിച്ചു.

സ്ത്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്ന ലക്ഷ്യവുമായി കേരള സംസ്ഥാന പിന്നോക്ക വിഭാ​ഗ വികസന കോർപ്പറേഷനാണ് മെെക്രോക്രെഡിറ്റ് വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ കുടുംബശ്രീകൾക്കായി മൂന്ന് കോടി രൂപയാണ് വായ്പ അനുവദിച്ചത്. അയൽകൂട്ടങ്ങൾക്കുള്ള വായ്പാ വിതരണം നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ നിർവഹിച്ചു. കുടുംബശ്രീ റിവോൾവിം​ഗ് ഫണ്ട് വെെസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ വിതരണം ചെയ്തു.

കേരള സംസ്ഥാന പിന്നോക്ക വിഭാ​ഗ വികസന കോർപ്പറേഷൻ ഡയറക്ടർ വി.പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശോഭന വെശാഖ്, ഷിജി കൊട്ടാരക്കൽ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ഷബിന തുടങ്ങിയവർ സംസാരിച്ചു. കേരള സംസ്ഥാന പിന്നോക്ക വിഭാ​ഗ വികസന കോർപ്പറേഷൻ ഉപജില്ലാ മാനേജർ കെ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് വി സുധ എന്നിവർ പദ്ധതി വിശദീകരണം നടത്തി. സിഡിഎസ് ചെയർപേഴ്സൺ സോണിമ പി.പി സ്വാ​ഗതവും വെെസ് ചെയർപേഴ്സൺ എ ബിജിന നന്ദിയും പറഞ്ഞു.