‘കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിലെ വേറിട്ടൊരേടായ് പെരുവണ്ണാമൂഴി ഫെസ്റ്റ് ഓരോ സഞ്ചാരിയുടെയും മനസ്സില്‍ കുളിര്‍മഴ പെയ്യിക്കും’; നാടിന്റെ ഉത്സവത്തിന് ആശംസകള്‍ നേര്‍ന്ന് പെരുവണ്ണാമൂഴി സ്വദേശി സജിന മുനീറിന്റെ കുറിപ്പ്


പെരുവണ്ണാമൂഴി: ഒരു നാടാകെ ഉത്സവ ലഹരിയിലാണ്. ആവേശത്തിന്റെ ആഘോഷത്തിന്റെ രാപ്പകലുകള്‍ വന്നെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിലെ വേറിട്ടൊരേടായ് പെരുവണ്ണാമൂഴി ഫെസ്റ്റ് മാറാനൊരുങ്ങുമ്പോള്‍ എന്നോ തന്നെ ലോകം അറിയപ്പെടേണ്ടിയിരുന്ന തന്റെ നാടിന്റെ സൗന്ദര്യവും ചരിത്രവും ഓര്‍മ്മകളിലൂടെ നമുക്കായ് പങ്കുവെക്കുകയാണ് പെരുവണ്ണാമൂഴി സ്വദേശി സജിന മുനീര്‍.

പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്‌ന് ആശംസകള്‍ നേരുന്നതോടൊപ്പം ഇങ്ങനെയൊരു ഉത്സവം നാടിനു സമര്‍പ്പിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവരോടുള്ള നന്ദിയും സ്‌നേഹവും അറിയിച്ചുകൊണ്ടാണ് സജിന തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. വിശദമായി വായിക്കാം…

‘ധ്വനി’ സിനിമയില്‍ ‘മാനസ നിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീര ധ്വനിയുണര്‍ത്തി’ എന്ന് തുടങ്ങുന്ന ഗാനരംഗത്തിലൂടെ ശാലീന സുന്ദരി ശോഭനയുടെ നൃത്തച്ചുവടുകള്‍ക്ക് ദൃശ്യചാരുതയേകിയ മണ്ണ്.1988 -ല്‍ പുറത്തിറങ്ങിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ ഈ സിനിമ ഈ നാടിന്റെ ദൃശ്യമനോഹാരിത കൊത്തിവെച്ച കലാസൃഷ്ടികൂടിയാണ്.

ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ഗൃഹാതുരത്വത്തിന്റെ ആര്‍ദ്ര നദികള്‍ തീര്‍ത്തുകൊണ്ടൊഴുകുന്ന,നന്മകളാല്‍ സമൃദ്ധമായിരുന്ന ഒരു നാട്ടിന്‍പുറം.ഇന്നും ഗ്രാമീണ സൗന്ദര്യം സ്ഫുരിച്ചു നില്‍ക്കുന്ന
ഈ നാട് വരും ദിവസങ്ങളില്‍ ആഘോഷദിനരാത്രങ്ങളിലേക്ക് കടക്കുകയാണ്.

പറഞ്ഞുവരുന്നത് പെരുവണ്ണാമൂഴി എന്ന എന്റെ ജന്മനാടിനെക്കുറിച്ചാണ്. പെരുവണ്ണാമൂഴി ഡാം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തതിന്റെ അന്‍പതാം വാര്‍ഷികം പ്രമാണിച്ചുകൊണ്ടുള്ള
പതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവ പരിപാടികളെക്കുറിച്ചാണ്.

മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ, വടക്കേ മലബാറിലെ ‘മിനി മലമ്പുഴ’ എന്നറിയപ്പെടുന്ന പെരുവണ്ണാമൂഴി പോലെ
വശ്യ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രം കാലങ്ങളായി ആഘോഷങ്ങളും ആരവവുമില്ലാതെ മരവിച്ചുകിടക്കുകയായിരുന്നു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളേറെയുള്ള,
ടൂറിസം മേഖലയ്ക്ക് മികച്ച മുതല്‍ക്കൂട്ടാവേണ്ടിയിരുന്ന ഒരു
നാടിന്റെ മുരടിച്ച അവസ്ഥയില്‍ ഏതൊരു നാട്ടുകാരെയും പോലെ തന്നെ എനിക്കും വിഷമമുണ്ടായിരുന്നു.

ഇന്നിവിടെ സര്‍ഗാത്മകതയുടെ താളലയങ്ങള്‍
തുയിലുണരുകയാണ്.മുമ്പൊന്നുമില്ലാത്ത തരത്തില്‍ പെരുവണ്ണാമൂഴി അതിന്റെ പ്രൗഢി വീണ്ടെടുക്കുകയാണ്.അക്ഷരാര്‍ത്ഥത്തില്‍ ജനോത്സവത്തിന്റെ സംഗമഭൂമിയായ് മാറുന്ന ആനന്ദനിമിഷങ്ങള്‍ ഇനി ഒരു വിളിപ്പാടകലെ മാത്രം. നാടിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കാനായി കലാ മാമാങ്കവും, വിനോദ വേളകളുമായി ഉത്സവം കൊടിയേറുകയായി.

ഇന്നിപ്പോള്‍ മനസ്സിന്റെ ഉള്ളകങ്ങളില്‍ നിന്ന് എന്റെ നാടിനെ, പെരുവണ്ണാമൂഴിയെ അനുവാചക മനസ്സിലേക്ക് കൂടി പകര്‍ന്ന് തരേണ്ടത് എന്റെ കൂടി ഉത്തരവാദിത്വമാണ് എന്ന് ഞാന്‍ വിശ്വസിയ്ക്കുകയാണ്.എന്തെല്ലാം എഴുതിയാലും ജന്മനാടിനെക്കുറിച്ച് അതിന്റെ വൈവിധ്യങ്ങളെക്കുറിച്ച് വര്‍ണ്ണിക്കാതിരിക്കാന്‍ എങ്ങനെയാണ് സാധിയ്ക്കുക.

ഓര്‍മ്മകളില്‍ മാത്രം ബാക്കിയുള്ള അഭിരാമമായ ഒരു കാലത്തിനപ്പുറം എന്റെ ഓര്‍മ്മകള്‍ ജനിക്കും മുന്‍പേ ഈ നാടിനെ പ്രാണനായി കരുതിയ ഐതിഹാസികരായ ഒരുപാട് മനുഷ്യരുടെ കരുതലിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ചൂളമടിച്ചെത്തുന്ന മലങ്കാറ്റിനൊപ്പം കറങ്ങി നടക്കുന്നുണ്ടിവിടെ.

ആത്മധൈര്യവും, അധ്വാനശേഷിയും കൈമുതലാക്കി പ്രകൃതിക്ഷോഭങ്ങളോടും, പകര്‍ച്ചവ്യാധികളോടും, വന്യമൃഗങ്ങളോടും പൊരുതി ജയിച്ച കുടിയേറ്റ ജനതയുടെ വീര സാഹസികത തുളുമ്പുന്ന ഒരുപാട് കഥകളുറങ്ങുന്ന മലയോരഗ്രാമം.

സമരതീഷ്ണവും, രക്താഭവുമായ ഇന്നലകളില്‍ മിച്ച ഭൂമി സമരം പോലെ ഒരുപാട് സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാട്.മനുഷ്യരുടെ കുടിയേറ്റങ്ങള്‍ക്കൊപ്പം കുടിയേറുന്നതാണല്ലോ അവരുടെ സംസ്‌കാരവും.അങ്ങനെ പല പല നാട്ടില്‍ നിന്നും അണക്കെട്ടിന്റെ അനുബന്ധ ജോലികള്‍ക്കുമായി ഇവിടെ എത്തിയവര്‍ ഒന്നിച്ചു നിന്നു കെട്ടിപ്പടുത്ത മതനിരപേക്ഷ സാമൂഹിക ബന്ധത്തിന്റെ കെട്ടുറപ്പ് ഇവിടത്തുകാര്‍ ആവോളം അനുഭവിച്ചറിഞ്ഞതാണ്.

നിഗൂഢമായ നീല ജലാശയത്തിന്റെ ഭൗമ സൗന്ദര്യത്തിന് കാവല്‍ നില്‍ക്കുന്ന വയനാടന്‍ മലനിരകള്‍.അവിടിവിടെയായി ഉയര്‍ന്നുനില്‍ക്കുന്ന കുഞ്ഞു കുഞ്ഞു മരതക ദ്വീപുകള്‍.നീര്‍പ്പോളകളുടെ ലാളനയേറ്റ് തഴച്ചു വളര്‍ന്ന പച്ചത്തുരുത്തുകള്‍ക്കിടയിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന പുഴ.ആകര്‍ഷണീയമായ ഭൂപ്രകൃതിയും ജൈവവൈവിധ്യങ്ങളുമുള്ള ഒരു സ്വപ്നഭൂമിക.

പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന, സസ്യലതാദികളാല്‍ നിബിഡമായ ഈ ഭൂപ്രദേശത്ത് പേരറിയാത്ത നിരവധി പക്ഷികളുടെ ആവാസഭൂമിയായിരുന്ന പക്ഷിക്കുന്ന് ഒരു കാലത്ത് ഇവിടെ വരുന്ന വിനോദസഞ്ചാരികളുടെ മനം കവര്‍ന്നിരുന്നു.

സമൃദ്ധമായ ജലസമ്പത്തുള്ള ഇവിടുത്തെ ജലസംഭരണിയില്‍ നിന്നാണ് കോഴിക്കോട് കോര്‍പ്പറേഷനിലേക്കും ,കോഴിക്കോട് ജില്ലയിലെ മറ്റ് പതിമൂന്ന് പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ട വെള്ളം കൊണ്ടുപോകുന്നത്.

കണ്ടറിഞ്ഞ ഓര്‍മ്മകളെയും, കേട്ടറിഞ്ഞ വിവരങ്ങളെയും ഒരു ചരിത്ര പുസ്തകത്തിന്റെ കൃത്യതയോടെ ഇവിടെ കൊരുത്തിടണമെന്നുണ്ട്.
പക്ഷേ ആധികാരികമായ രേഖകളുടെ പിന്‍ബലമില്ലാതെ അതിനു മുതിരുന്നില്ല.

ഈ അവസരത്തില്‍ ജനിച്ചു വളര്‍ന്ന നാടെന്നുള്ള വൈകാരിക ബന്ധത്തോടെയും അടുപ്പത്തോടെയും പറയട്ടെ,
കാലങ്ങളായി ഈ നാട് മുറുകെ പിടിക്കുന്ന ബഹുസ്വരതയും മാനവീകതയും പുതിയ തലമുറയിലേക്ക് കൂടി പകര്‍ന്നുകൊടുക്കാനുള്ള ഒരു വേദിയായി ഈ കലാവിരുന്നിനെ നമുക്ക് മാറ്റിയെടുക്കേണ്ടതുണ്ട്.

പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്‌ന് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം ഇങ്ങനെയൊരു ഉത്സവം നാടിനു സമര്‍പ്പിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവരോടുള്ള നന്ദിയും സ്‌നേഹവും
ഇവിടെ അറിയിക്കുകയാണ്.

ഈ മണ്ണില്‍ മനസ്സിന് ആനന്ദം പകരുന്ന ഹൃദ്യകലകളുടെ കാല്‍ച്ചിലമ്പൊലി നാദമുയരുമ്പോള്‍,കണ്ണിനും കാതിനും ഇമ്പമേകുന്ന സ്വര്‍ഗ്ഗലയതാളങ്ങള്‍ അനുഭവിച്ചറിയുവാന്‍,ആസ്വദിക്കുവാന്‍ നിങ്ങളേവരെയും പെരുവണ്ണാമൂഴിയിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ്.

അതെ പെരുവണ്ണാമൂഴി മാറുകയാണ്…

ഒന്നുറപ്പാണ്, കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിലെ വേറിട്ടൊരേടായ് പെരുവണ്ണാമൂഴി ഫെസ്റ്റ് ഓരോ സഞ്ചാരിയുടെയും മനസ്സില്‍ കുളിര്‍മഴ പെയ്യിക്കും…