കോഴിക്കോട് ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ തിരൂരിലെത്തിച്ചു, വിശദമായി ചോദ്യം ചെയ്യും


മലപ്പുറം: കോഴിക്കോട് ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് പിടിയിലായ പ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരെ പുലര്‍ച്ചെ രണ്ടരയോടെയാണ് തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്.

എസ്പിയുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്. ഉച്ചക്ക് ശേഷമായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക. കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ എരഞ്ഞിപ്പാലം ജംഗ്ഷനിലെ പാതയോരത്തുള്ള ഹോട്ടലിലാണ് സംഭവം നടന്നത്. മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി വനമേഖലയില്‍ ഉപേക്ഷിച്ചു.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെ പ്രതികള്‍ കേരളം കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി അഞ്ചാം ദിവസമാണ് അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിന് സമീപം രണ്ട് പെട്ടികളിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി, ഇയാളുടെ സുഹൃത്തുക്കളായ ഫര്‍ഹാന, ആഷിക് എന്നിവരാണ് ഇതുവരെ കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രധാന പ്രതികളായ ഷിബിലിയും ഫര്‍ഹാനിയും ചെന്നൈ റെയില്‍വേ പോലീസിന്റെ പിടിയിലായത്.

തുടര്‍ന്ന് ഇരുവരും നടത്തിയ വെളിപ്പെടുത്തലിലാണ് സിദ്ദിഖിനെ കൊലപ്പെടുത്തി അട്ടപ്പാടി വനമേഖലയില്‍ ഉപേക്ഷിച്ചു എന്ന കാര്യം പോലീസിന് സ്ഥിരീകരിക്കാന്‍ ആയത്. തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി രണ്ട് ട്രോളി ബാഗുകളിലായി ഉപേക്ഷിച്ച നിലയില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.