വടകര ഏറാമല തുരുത്തി മുക്ക് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


വടകര: ഏറാമല തുരുത്തി മുക്ക് പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപാണ് മരണപ്പെട്ടത്. ഇരുപത്തിനാല് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് അനൂപിനെ കാണാതാവുന്നത്. നാല് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു അനൂപ്. പുഴയിലൂടെ കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിക്കു സമീപത്തേക്ക് നീന്തുമ്പോള്‍ അനൂപിനെ കാണാതാവുകയായിരുന്നു.

നാട്ടുകാരും എടച്ചേരി സി.ഐ.എം.ആർ.ബിജുവിന്റ നേതൃത്വത്തിൽ
പൊലീസും വടകര നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും കക്കയത്ത് ഉള്ള റസ്‌ക്യു ടീമും
ചേര്‍ന്ന് ഇന്നലെ ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടെ പുലര്‍ച്ചെ 5.50യോടെ മുങ്ങിയ സ്ഥലത്തു നിന്നു തന്നെ മൃതദേഹം ലഭിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായ് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അച്ഛന്‍: അശോകന്‍. അമ്മ: അനിത. സഹോദരി: അനിഷ.

പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

summary: the body of the youth who went missing yesterday was found in Eramal thuruthimukk river