അരിക്കുളം യു.പി.സ്കൂൾ പരിസരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നതായി ആരോപണം; പോലീസ് പെട്രോളിം​ഗ് ശക്തമാക്കണമെന്ന് ആവശ്യം


അരിക്കുളം: അരിക്കുളം യു.പി.സ്ക്കൂൾ പരിസരത്ത് ലഹരി മാഫിയ അഴിഞ്ഞാടുന്നതായി പരാതി. രാത്രി കാലങ്ങളിൽ സ്ക്കൂൾ കേന്ദ്രമാക്കി പല സ്ഥലങ്ങളിൽ നിന്നായി ആളുകൾ എത്തിച്ചേരുന്നത് പതിവ് കാഴ്ചയാണെന്നും ഈ പ്രദേശത്ത് തെരുവ് വിളക്ക് കത്താത്തത് ഇത്തരക്കാർക്ക് കൂടുതൽ സൗകര്യമാണെന്നും നാട്ടുകാർ ആരോപിച്ചു.

സ്കൂളിന് ​ഗെയിറ്റ് ഇല്ലാത്തതതിനാൽ യഥേഷ്ടം ആളുകൾക്ക് അകത്തേക്ക് പ്രവേശിക്കാം. ലഹരി മാഫിയ സംഘങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സ്കൂളിൽ സിസിടിവി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇക്കാര്യം സ്കൂൾ പിടിഎയെയും അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയെയും അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസ് പെട്രോളിം​ഗ് വേണമെന്നും നാട്ടുകാർ പറയുന്നു. രാത്രി കാലങ്ങളിൽ അരിക്കുളം പഞ്ചായത്ത് മുക്ക് വരെയെങ്കിലും പോലീസ് നൈറ്റ് പെടോളിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം കടയിലിരുന്ന് മദ്യപിക്കാൻ അനുവദിക്കാത്തിതിനെ തുടർന്ന് വ്യാപാരിയെ ആക്രമിക്കുന്ന സംഭവം വരെയുണ്ടായിരുന്നു. അരിക്കുളം യു.പി സ്‌കൂളിന് സമീപത്ത് പലചരക്ക് കട നടത്തുന്ന അമ്മദിനാണ് പരിക്കേറ്റത്. ജൂൺ 30-നായിരുന്നു സംഭവം. പലചരക്ക് കടയിലെത്തിയ സംഘം കടയില്‍ അതിക്രമിച്ച് കടന്ന് മദ്യപിക്കുകയും അമ്മദിനെ ഉപദ്രവിക്കുകയുമായിരുന്നു. കടയിലെ പഴക്കുലകളും ഭരണികളും ഗ്ലാസും തകര്‍ത്തു. കടയിലുണ്ടായിരുന്ന കത്തിയെടുത്ത് അമ്മദിനെ കുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ലഹരി മാഫിയ സംഘങ്ങളുടെ ഇത്തരം അതിക്രമങ്ങളിൽ പ്രതിഷേധിച്ച് അരിക്കുളം പഞ്ചായത്ത് മുക്കിൽ വ്യാഴായ്ച്ച വൈകുന്നേരം സർവ്വ കക്ഷി പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നുണ്ട്.