മുളക്പൊടി വിതറി വീട്ടുമുറ്റത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ചു; അയനിക്കാട് സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന്റെ സ്കൂട്ടർ മൂന്ന് വർഷങ്ങൾക്ക് ശേഷം കിണറ്റിൽ കണ്ടെത്തി


പയ്യോളി: അയനിക്കാട് സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്തുനിന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ സ്കൂട്ടർ കിണറ്റിൽ കണ്ടെത്തി. കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അയനിക്കാട് നാഗത്തോടി അജയകുമാറിന്റെ സ്കൂട്ടറാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം കണ്ടത്തിയത്. അജയകുമാറിന്റെ വീടിന് 500 മീറ്റർ അകലെയുള്ള ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് സ്കൂട്ടർ കണ്ടെത്തിയത്.

2020 ജൂൺ ആറിന് രാവിലെയാണ് സ്കൂട്ടർ നഷ്ടപ്പെട്ട വിവിരം വീട്ടുകാർ അറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മുറ്റത്തും വരാന്തയിലും മുളക്പൊടി വിതറിയായിരുന്നു മോഷണം. അതിനാൽ പോലീസ് നായ വന്നെങ്കിലും തെളിവു ലഭിച്ചില്ല. സമീപപറമ്പിൽനിന്നും അജയന് ലഭിച്ച മുളകുപൊടിയുടെ കവർ അന്വേഷണത്തിന്റെ ​ഗതി മാറ്റി.

കവറിലുണ്ടായിരുന്നു പൊടിവാങ്ങിയ കടയുടെ പേരുവെച്ച് നടത്തിയ അന്വേഷണത്തിൽ ആളെ കണ്ടെത്തി. അജയൻ നേരത്തേ സംശയിച്ച ആൾ തന്നെയായിരുന്നു ഇത്. ഇതേത്തുടർന്ന് പോലീസ് കേസെടുത്തെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല. കോടതിയിൽനിന്ന് ഇയാൾ മുൻകൂർജാമ്യവും നേടി.

ഗുഡ്സ് ഓട്ടോയിൽ മദ്യം കടത്തിയതിന് എക്സെെസ് നേരത്തെ പിടികൂടിയ ആളായിരുന്നു ഇത്. രണ്ട് തവണ പിടിക്കപ്പെട്ടപ്പോഴും ഓട്ടോയും കസ്റ്റഡിയിൽ എടുത്തിരുന്നു. അയനിക്കാട് സ്വദേശിയായതിനാൽ ഇയാളെ സംശയിക്കുന്നതായും അജയൻ പോലീസിനോട് പറഞ്ഞിരുന്നു. ഈ നിലയ്ക്കൊരു ചോദ്യംചെയ്യൽ പോലീസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ലെന്നും അക്ഷേപമുണ്ട്. കോവിഡ് കാലമായതിനാൽ അന്ന് ചോദ്യംചെയ്യൽ ഉണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്. അതിനാൽ സ്കൂട്ടർ കണ്ടെത്താനും കഴിഞ്ഞില്ല. ഇതാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ കണ്ടെത്തിയത്.