അടുക്കളയില്‍ നിന്ന് മുളകുപൊടിയെടുത്ത് വീട്ടിലാകെ വിതറി, മുറികള്‍ അലങ്കോലമാക്കി; പയ്യോളി കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണ്ണവും പണവും നഷ്ടമായി


പയ്യോളി: കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം. താനിച്ചുവട്ടില്‍ ഷൈമയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് വീട്ടുകാര്‍ മോഷണവിവരം അറിയുന്നത്. രണ്ട് പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് മോഷണം പോയത്.

ഭര്‍ത്താവ് ബാലന്റെ വീട്ടിലേക്ക് പോയതായിരുന്നു ഷൈമ. തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് തിരികെയെത്തിയപ്പോഴാണ് ഷൈമ വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്‍സിന്റെയും വാതിലിന്റെയും പൂട്ട് തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിയുന്നത്.

അടുക്കളയില്‍ നിന്ന് എടുത്ത രണ്ട് കിലോഗ്രാമോളം മുളക് പൊടി മോഷ്ടാവ് മുറികളിലും പുറത്തും വിതറിയിരുന്നു. മൂന്ന് മുറികളിലെയും അലമാരകള്‍ തുറന്ന് വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വാരിവലിച്ച് പുറത്തിട്ട് അലങ്കോലമാക്കിയ നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവുമാണ് മോഷണം പോയത്.