കൊയിലാണ്ടിയില്‍ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ രണ്ട് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടി. സംസ്ഥാനപാതയില്‍ കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപത്ത് വച്ചാണ് ഉള്ളിയേരി സ്വദേശികളായ യുവാക്കളെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. അരീപ്പുറത്ത് മുഷ്താഖ് അന്‍വര്‍ (24), മണിചന്ദ്ര കണ്ടി സരുണ്‍ (25) എന്നിവരാണ് പിടിയിലായത്.

മാരക രാസലഹരി മരുന്നായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മുഷ്താഖില്‍ നിന്ന് 600 മില്ലീഗ്രാം എം.ഡി.എം.എയും സരുണില്‍ നിന്നും 2.5 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കെ.എല്‍-55-7182 എന്ന നമ്പറിലുള്ള ബൈക്കില്‍ സഞ്ചരിക്കവെയാണ് ഇരുവരും പിടിയിലായത്.

കൊയിലാണ്ടി സി.ഐ എന്‍.വി.ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പൊലീസ് പരിശോധന നടത്തിയത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊയിലാണ്ടി എസ്.ഐ അനീഷ് വടക്കയില്‍, പി.എം.ശൈലേഷ്, ഗ്രേഡ് എസ്.ഐ രാജീവ്, സി.പി.ഒമാരായ ഗംഗേഷ്, ഷൈജു, വനിതാ പി.സി.ഒ ഷമീന എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.