കൊയിലാണ്ടിയില്‍ പത്താം ക്ലാസുകാരിയെ ബസില്‍വെച്ച് ശല്യം ചെയ്തു, സ്റ്റാന്റിൽ ഇറങ്ങിയപ്പോഴും പിന്തുടര്‍ന്ന് ഉപദ്രവിച്ചു; ഉത്തര്‍പ്രദേശ് സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍


കൊയിലാണ്ടി: സ്‌കൂളിലേക്ക് പോകവെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍വെച്ച് ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൊറാദാബാദ് സ്വദേശിയായ മുഹമ്മദ് ഇക്താര്‍ (28) ആണ് അറസ്റ്റിലായത്.

ഇന്ന് രാവിലെ ഇയാളുടെ താമസസ്ഥലത്ത് കൊയിലാണ്ടി പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടി സിവില്‍ സ്റ്റേഷന്‍ ബസ് സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറിയ പെണ്‍കുട്ടിയെ ഇയാള്‍ ശല്യം ചെയ്യുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ ബസ് സ്റ്റാന്റില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പിങ്ക് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ ഇവര്‍ വിട്ടയക്കുകയായിരുന്നു.

രാത്രി വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞതോടെ ഇവര്‍ കൊയിലാണ്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് ഉടന്‍ തന്നെ ബസ് സ്റ്റാന്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് രാവിലെ തന്നെ പ്രതി താമസിക്കുന്ന സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.