പെരുവണ്ണാമൂഴി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; നാല് ഷട്ടറുകളും തുറന്നു, കുറ്റ്യാടി പുഴയോരത്ത് ജാഗ്രത


പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാം റിസോര്‍വറിന്റെ ജലനിരപ്പു ഉയര്‍ന്നതിനെ തുടര്‍ന്ന്‌
ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. ചൊവ്വാഴ്ച രാവിലെ 38.8 മീറ്ററായിരുന്ന ജലനിരപ്പ് വൈകിട്ട് 38.44 മീറ്ററായി ഉയര്‍ന്നതോടെയാണ് വെള്ളം ഒഴുകിത്തുടങ്ങിയത്.

കക്കയം ഡാമില്‍ നിന്നു വൈദ്യുത ഉല്‍പാദന ശേഷം പുറന്തള്ളുന്ന വെളളം പെരുവണ്ണാമൂഴി ഡാമിലേക്കാണു എത്തിച്ചേരുന്നത്. കക്കയം ഡാം വൃഷ്ടി പ്രദേശത്ത് മഴയില്‍ ജലത്തിന്റെ അളവ് വര്‍ധിക്കുന്നതിനാല്‍ ഡാം തുറന്നാല്‍ ജലം പെരുവണ്ണാമൂഴി ഡാമില്‍ എത്തും.

പെരുവണ്ണാമൂഴി ഡാം പൂര്‍ണമായും തുറന്ന് വിട്ടതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.