അഴിയൂരിൽ ഗ്യാസ് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ; പിടികൂടിയത് 95 കുപ്പി വിദേശമദ്യം


വടകര: കര്‍ണാടകയില്‍നിന്ന് ഗ്യാസ് ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി തമിഴ്നാട് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ടാങ്കര്‍ ഡ്രൈവര്‍ തമിഴ്നാട് തിരുനെല്‍വേലി സുന്ദരപാണ്ഡ്യപുരം തെങ്കാശി മര മാര്‍ സ്ട്രീറ്റിലെ ലക്ഷ്മണനാണ് (34) അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെ എക്സൈസിന്റെ പിടിയിലായത്.

രണ്ട് കെയ്സുകളിലായി 180 മില്ലിയുടെ 95 കുപ്പി വിദേശമദ്യമാണ് ടാങ്കര്‍ ലോറിയുടെ കാബിനില്‍ ഒളിപ്പിച്ചുകടത്തിയത്. ഗ്യാസ് ടാങ്കര്‍ 17,880 ലിറ്റര്‍ ഗ്യാസുമായി കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു. എക്സൈസ് ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്തു. ഗ്യാസ് ടാങ്കറില്‍നിന്ന് ഒഴിവാക്കി എക്സൈസിന്റെ കസ്റ്റഡിയില്‍ വയ്ക്കും.

പ്രിവന്റിവ് ഓഫിസര്‍ സോമസുന്ദരന്റെ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.എം. പ്രജിത്ത്, എ.പി. ഷിജില്‍, കെ. പ്രസാദ്, കെ. ശൃജി എന്നിവര്‍ പരിശോനയില്‍ പങ്കെടുത്തു.