കോഴിക്കോട് പാളയം ബസ്റ്റാന്റില്‍ ഉറങ്ങിക്കിടന്ന ബെംഗളൂരു സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; വധശ്രമത്തിന് കേസെടുത്ത് പൊലീസ്, പ്രതിക്കായ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി


കോഴിക്കോട്: കോഴിക്കോടിന്റെ നഗരഭാഗമായ പാളയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ബെംഗളൂരു സ്വദേശി മാക്കിളി ദസനപുര അടക്കമരഹള്ളി ഹേമന്ത് പ്രസാദി(33)നെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇടതുകാലിന്റെ തുടയ്ക്കുപിന്നിൽ ആഴത്തിൽ കുത്തേറ്റ ഹേമന്ത് പ്രസാദ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

പാളയം ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്നു ഇയാളെ അമ്പായത്തോട് ആഷിക് ആണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് കസബ പോലീസ് പറഞ്ഞു. മുമ്പ് ഒട്ടേറെ മയക്കുമരുന്ന് കേസിലും മോഷണക്കേസിലും ഉൾപ്പെട്ടയാളാണ് ആഷിക്.

പ്രതിക്ക് വേണ്ടി പോലീസ് നഗരത്തിൽ പരിശോധന തുടരുകയാണ്. പരിക്കേറ്റ യുവാവിനെ കസബ പോലീസ് ഇടപെട്ടാണ് ആശുപത്രിയിലെത്തിച്ചത്. കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്തു.