വാതിലുകളില്ലാതെ ബസ് സര്‍വീസ്; കോഴിക്കോട് 12 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി, ജില്ലയില്‍ മൂന്നാഴ്ചയ്ക്കിടെ നടന്നത് മൂന്ന് അപകട മരണങ്ങള്‍


പേരാമ്പ്ര: വാതിലുകളില്ലാതെയും മുന്‍ഭാഗത്തെ വാതിലുകള്‍ അപകടകരമായ രീതിയില്‍ തുറന്നിട്ടും അമിത വേഗത്തില്‍ യാത്ര ചെയ്ത 12 സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിംഗിനെക്കുറിച്ച് നിരന്തരം പരാതി ലഭിച്ചതിന്റെ അടസ്ഥാനത്തിലാണ് പരിശോധന നടത്തിയിരുന്നത്. ജില്ലയില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം മൂന്ന് അപകട മരണങ്ങളാണ് സംഭവിച്ചിരുന്നത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന കര്‍ശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന പരാതികളിലുള്‍പ്പെടെ നടപടിയുമായി മുന്നോട്ട് പോകുമെന്നും വടകര ആര്‍ടിഒ ചുമതലയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ബിജുമോന്‍ അറിയിച്ചു.