ഇനി വണ്ടി തട്ടിയാല്‍ പൊല്ലാപ്പാവില്ല; പോല്‍ ആപ്പില്‍ കയറിയാല്‍ മതി, പോലീസ് സ്റ്റേഷനിലേക്ക് പോവാതെ തന്നെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യം


തിരുവനന്തപുരം: വാഹനം ആക്‌സിഡന്റായാല്‍ ഇനി പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ തന്നെ വിവരങ്ങള്‍ രേഖപ്പെടുത്താം. പൊലീസിന്റെ ജി.ഡി (ജനറല്‍ ഡയറി)യിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. കേരള പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലാണ് ജി.ഡി എന്‍ട്രി ലഭ്യമാക്കുന്നതിനായുളള സൗകര്യം ഒരുക്കിയിരിക്കുന്നത്.

പോല്‍ ആപ്പിലുടെ ജി.ഡി എന്‍ട്രി ലഭിക്കാന്‍:

സേവനം ലഭ്യമാകുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ മറ്റോ പോല്‍ ആപ്പ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ശേഷം ആപ്പില്‍ കയറി പേരും മൊബൈല്‍ നമ്പറും നല്‍കുക. മൊബൈലില്‍ ഒ.ടി.പി നമ്പര്‍ വരും. തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്‌ട്രേഷന്‍ നടത്തിയാല്‍ പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും നിങ്ങള്‍ക്ക് അനുമതിയുണ്ട്.

വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് ജി.ഡി എന്‍ട്രി ലഭിക്കാനായി റിക്വസ്റ്റ് ആക്‌സിഡന്റ് ജി.ഡി എന്ന സേവനം തെരെഞ്ഞെടുക്കുക. തുടര്‍ന്ന് അപേക്ഷകന്റെ വിവരങ്ങളും ആക്സിഡന്റ് സംബന്ധമായ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാം. അപേക്ഷയില്‍ പൊലീസ് പരിശോധന പൂര്‍ത്തിയായ ശേഷം ജി.ഡി എന്‍ട്രി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ സാധിക്കും. പോല്‍ ആപ്പില്‍ പൊതുജനങ്ങള്‍ക്കായി മറ്റു വിവിധ സേവനങ്ങളും ലഭ്യമാണ്.