വടകരയിലെ കൊലപാതകം; കൊലയാളി വ്യാപാരിയുമായി ബന്ധം സ്ഥാപിച്ചത് ഗ്രിന്‍ഡര്‍ എന്ന മൊബൈല്‍ ആപ്പ് വഴി


വടകര: വടകരയില്‍ കൊല്ലപ്പെട്ട വ്യാപാരി രാജനും കൊലപാതകിയും തമ്മില്‍ പരിചയത്തിലാവുന്നത് ഗ്രിന്‍ഡര്‍ എന്ന മൊബൈല്‍ ആപ്പ് മുഖേന. ആപ്പിലൂടെ വ്യാപാരിയുമായി സൗഹൃദത്തിലായ പ്രതി സ്വര്‍ണവും പണവും മോഷ്ടിക്കാനായി വ്യാപാരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പ് ആണ് ഗ്രിന്‍ഡര്‍. സ്വവര്‍ഗാനുരാഗികള്‍ ഉള്‍പ്പടെയുള്ള ക്വിയര്‍ കമ്മ്യൂണിറ്റിയിലുള്ളവര്‍ക്കായുള്ള ഡേറ്റിംഗ് ആപ്പാണിത്.

എന്നാല്‍ ഈ ആപ്പ് മുഖേന പ്രൊഫൈലുകള്‍ സൃഷ്ടിച്ച് നിരവധി ക്രിമിനലുകള്‍ പണം തട്ടുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഇത്തരക്കാര്‍ പരിചയപ്പെടുന്നവരുടെ പണവും സ്വര്‍ണവും അടക്കം മോഷ്ടിക്കുകയും നഗ്‌നത പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത് പണംതട്ടുകയുമാണ് ചെയ്യുന്നത്.

ഡിസംബര്‍ 24 ന് രാത്രിയാണ് വടകര വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്‌സ് ഉടമ പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയില്‍ രാജനെ (62) കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ അമ്പലത്ത് വീട്ടില്‍ എ.എസ്. മുഹമ്മദ് ഷെഫീക്കിനെ (22) പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഒരാഴ്ച്ചയോളം മുങ്ങി നടന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിങ്കളാഴ്ച തൃശൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്ത് വടകരയില്‍ എത്തിച്ചത്.