അമേരിക്കക്കാര്‍ക്ക് നഷ്ടമാകാത്ത എന്താണ് പ്രതിഷേധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്; കര്‍ഷക സമരത്തിന് പിന്തുണയുമായി സലീം കുമാര്‍


കൊച്ചി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഉള്‍പ്പെടുന്നുണ്ട്. ഇപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സലിം കുമാര്‍.

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സലിം കര്‍ഷകരെയും അവരെ പിന്തുണച്ചവരെയും അനുകൂലിച്ചത്. അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയേയും, ഗ്രേറ്റയെയും പോലുള്ള വിദേശീയര്‍ പ്രതിഷേധിച്ചപ്പോള്‍ ഭാരതീയര്‍ക്ക് നഷ്ടപെട്ടതെന്ന് അദ്ദേഹം ചോദിച്ചു. എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും സലിം കുമാര്‍ പറയുന്നു.

സലീം കുമാറിന്റെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.

പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.

അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.

പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.

എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.

#IStandwithFarmers
#FarmersagainstPropagandistGovernment
#FarmerLivesMatter

https://m.facebook.com/story.php?story_fbid=257622895730602&id=100044486797234


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക