എയര്‍ടെല്‍ സിം ആണോ ഉപയോഗിക്കുന്നത്? മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ സാധ്യത


കോഴിക്കോട്: കഴിഞ്ഞ വർഷം നവംബറിലും ഡിസംബറിലുമായി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയുൾപ്പെടെയുള്ള ടെലികോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ വില കുത്തനെ വർധിപ്പിച്ചിരുന്നു. എന്നാൽ ഒരു വർഷം തികയും മുൻപ് മറ്റൊരു വർധിപ്പിക്കൽ കൂടി സംഭവിക്കുമെന്നാണ് എയർടെൽ സിഇഒ സൂചന നൽകുന്നത്. എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നു എന്നാണ് കമ്പനി സിഇഒ ഗോപാൽ വിറ്റൽ പറഞ്ഞത്.

2022 ൽ എയർടെൽ വീണ്ടും വില ഉയർത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തവണ, ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്രായിയുടെ 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വിലകളിൽ എയർടെൽ തൃപ്തരല്ലെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 5ജി സ്പെക്ട്രത്തിന്റെ വിലയിൽ വൻതോതിലുള്ള കുറവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കുറവുണ്ടായില്ലെന്നും ഇതിൽ ടെലികോം കമ്പനികൾ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം, സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്ന് ടെലികോം കമ്പനികളും നിരക്കുകൾ ഏകദേശം 18 മുതൽ 25 ശതമാനം വരെ വർധിപ്പിച്ചിരുന്നു. 2021 നവംബറിൽ പ്രീപെയ്ഡ് പ്ലാനുകളുടെ വില 18 മുതൽ 25 ശതമാനം വരെ ആദ്യം വർധിപ്പിച്ചത് എയർടെല്ലായിരുന്നു. എന്നാൽ 2022ൽ വില വർധിപ്പിക്കാൻ പദ്ധതിയുണ്ടോ എന്ന് റിലയൻസ് ജിയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.