കാറിനെ പിക്കപ്പ് വാൻ മറികടന്നു; എലത്തൂരിൽ പിക്കപ്പ് വാനിലെ ഡ്രൈവർക്കു നേരെ തോക്കു ചൂണ്ടി, രണ്ട് യുവാക്കൾ അറസ്റ്റിൽ


എലത്തൂർ: ചരക്കുമായി പോവുകയായിരുന്ന പിക്കപ്പ്‌വാനിലെ ഡ്രൈവർക്കുനേരെ കാറിൽനിന്ന് തോക്കുചൂണ്ടിയ യുവാക്കൾ അറസ്റ്റിൽ. കണ്ടൻകുളങ്ങര കളത്തിൽവീട്ടിൽ അഭി (26), സുഹൃത്ത് അർഷാദ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. തോക്കും കാറും കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

ബേബി മെമ്മോറിയൽ ആശുപത്രി റോഡ് മുതൽ മാർഗതടസ്സമുണ്ടാക്കിയാണ് കാർ കടന്നുപോയിരുന്നത്. ഈനേരം കാറിനെ പിക്കപ്പ്‌വാൻ മറികടന്നതിനെ തുടർന്നാണ് പ്രകോപനം. കാരപ്പറമ്പ് ജങ്ഷനിൽനിന്ന് കുണ്ടൂപ്പറമ്പ് റോഡിലേക്ക് ചരക്ക് വാഹനമെത്തിയതോടെയാണ് പിറകിൽനിന്ന് അതിവേഗത്തിലെത്തിയ കാറിലെ ഡ്രൈവർ തോക്കുയർത്തിയത്.

കൺട്രോൾറൂമിൽ വിവരം അറിയിച്ചതോടെ പോലീസെത്തി വെങ്ങാലി കള്ളുഷാപ്പിന് സമീപത്തുനിന്ന് യുവാക്കളെ പിടികൂടുകയായിരുന്നു. ഇവരുടെ സുഹൃത്ത് അശ്വിൻ ഓടി രക്ഷപ്പെട്ടു. ലൈസൻസില്ലാതെ ഉപയോഗിക്കാവുന്ന എയർ പിസ്റ്റലാണ് ഇവർ ഉപയോഗിച്ചത്.