എസ്.എസ്.എല്‍.സി ഫലം നാളെ പ്രഖ്യാപിക്കും


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് 19ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ഫലപ്രഖ്യാപനം. നേരത്തെ മേയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍, പറഞ്ഞതിനും ഒരു ദിവസം മുമ്പ് ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.

ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക പോര്‍ട്ടലിന് പുറമെ ‘സഫലം 2023’ എന്ന മൊബൈല്‍ ആപ്പും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത ഫലത്തിനുപുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Saphalam 2023 എന്ന് സെര്‍ച്ച് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എന്നതില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ എത്തിച്ചേരുക.