സന്തോഷ വാർത്ത; കൊയിലാണ്ടിയിൽ കെ-ഫോൺ ഉടനെയെത്തും


കോഴിക്കോട്: കുറഞ്ഞ ചിലവിൽ ഇൻറർനെറ്റ് കണക്ഷൻ നൽകുന്ന കെ-ഫോൺ പദ്ധതിയുടെ പ്രവൃത്തികൾ ജില്ലയിൽ അന്തിമഘട്ടത്തിലേക്ക്. കേബിൾ ശൃംഖല തീർക്കലും, കണക്ഷൻ സെൻറർ ഒരുക്കലുമടക്കമുള്ള പ്രവൃത്തികൾ 95 ശതമാനത്തിലധികം പൂർത്തിയായി. നഗര ഗ്രാമ മേഖലകളിൽ ഇന്റർനെറ്റ് ശൃംഖല വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ഇബി യുടെ നേതൃത്വത്തിൽ പ്രവർത്തനം മുന്നേറുന്നത്.

കെ-ഫോണിനായി ഇതിനകം 550 കിലോമീറ്ററിലധികം കേബിൾ സ്ഥാപിച്ചു കഴിഞ്ഞു. 22 മുതൽ 100 എംബിപിഎസ് വരെയാണ് കെ-ഫോൺ വാഗ്ധാനം ചെയ്യുന്ന വേഗം.നിലവിൽ ഫോർജി, ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ ഉള്ളതിനെക്കാൾ പതിൻമടങ്ങാണിത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഫെബ്രുവരിയിൽ കണക്ഷൻ എത്തും.

തൊട്ടുപിന്നാലെ മലപ്പുറം മുതൽ കാസർകോട് വരെയും കെ-ഫോൺ എത്തുന്നതോടെ ഇന്റർനെറ്റ് ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റമാകും കേരളം കൈവരിക്കുക. ജൂലൈയോടെ രണ്ടാം ഘട്ടവും പൂർത്തീകരിക്കും. ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകളിലും, പോലീസ് സ്റ്റേഷനുകളിലും സ്കൂളുകളിലുമാണ് ഇൻറർനെറ്റ് എത്തുക.

ജില്ലയിലെ പ്രധാന കണക്ഷൻ കേന്ദ്രമായ ചേവായൂർ സബ് സ്റ്റേഷൻ കോർ പോപ്പിൽ പ്രവൃത്തി അതി വേഗം പുരോഗമിക്കുകയാണ്. ചേവായൂരിൽ നിന്ന് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുന്ന 57 എൻഡ് ഓഫീസുകളിലേക്കുള്ള കേബിൾ ഇതിനോടകം പരിശോധന പൂർത്തിയാക്കി. ചേവായൂരിലെ കോർ പോപ്പിൽ നിന്ന് കൊയിലാണ്ടി, മേപ്പയ്യൂർ, കിനാലൂർ, ചക്കിട്ടപ്പാറ, കൊടുവള്ളി എന്നിവിടങ്ങളിൽ സ്ഥാപിച്ച അഗ്രിഗേറ്റ് പോപ്പുകളിലേക്കുള്ള കേബിൾ ശൃംഖലയും പൂർത്തിയായി. ഇതിൽ ഓരോ സ്ഥലത്തും 80 നും 110 നും ഇടയിൽ സർക്കാർ സ്ഥാപനങ്ങളാണ് ഉള്ളത്. കെഎസ്ഇബി ലൈനിനോടൊപ്പമാണ് കെ-ഫോൺ കേബിളുകളും സ്ഥാപിക്കുന്നത്.