ഒളിംപ്യന്‍ ഒ.ചന്ദ്രശേഖരന്‍ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍


കൊച്ചി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകനും ഒളിംപ്യനുമായ ഒ ചന്ദ്രശേഖരന്‍(86) അന്തരിച്ചു. 1960ലെ റോം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962ല്‍ ഏഷ്യാഡ് ജേതാക്കളായ ടീമിലും 1964ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് വെള്ളി നേടിയ ടീമിലും അംഗമായി.

ഇന്ത്യന്‍ ഫുട്ബോളിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ് ഒ ചന്ദ്രശേഖരന്‍. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ചന്ദ്രശേഖരന്‍ ക്ലബ് ഫുട്ബോളില്‍ കാല്‍ടെക്‌സിനായി(ബോംബെ) ഒരു പതിറ്റാണ്ടുകാലം(1956 – 1966) കളിച്ചു. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായി(1966 – 1973) ബൂട്ടണിഞ്ഞു. 1963ല്‍ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്‌ട്ര ടീമിന്‍റെ നായകനായിരുന്നു.