ഓണപ്പൊട്ടനും തെയ്യവുമില്ല, ആടിയും വേടനും ശീപോതിയും ഓര്‍മ മാത്രമായി; കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് മുക്തമാകാതെ പഴമയെ കൈപിടിച്ചുയര്‍ത്തുന്ന അനുഷ്ഠാന കലാകാരന്‍മാര്‍


ഉള്ളിയേരി: പൂവിളിയും പൂപ്പാട്ടുകളും ആർപ്പും കുരവയുമില്ലാതെയുള്ള ഓണം. ഓട്ടുമണിയും ഓലക്കുടയുമായി ഓണപ്പൊട്ടനുമെത്തിയില്ല. പഴയകാലത്തെ ആടിയും വേടനും ശീപോതിയും ഓണക്കളിയും ഓണത്താരുമൊക്കെ ഓർമയിൽ മാത്രമായി. തെയ്യവും തിറയാട്ടവും ആചാരാനുഷ്ഠാനങ്ങളുമില്ല.

പഴമയുടെ ആചാരങ്ങൾ അനുഷ്ഠാനത്തിലൂടെ സാമൂഹികമായി ഉയർത്തിക്കൊണ്ടുവരണം എന്ന പ്രത്യാശയുമായി കാത്തിരിക്കുമ്പോഴാണ് വിട്ടൊഴിയാത്ത കോവിഡ് മഹാമാരി പ്രതീക്ഷകൾ കവർന്നത്. ഈ കാത്തിരിപ്പെത്ര നാൾ..!

നിത്യവൃത്തിക്കുള്ള പണം കണ്ടെത്താനാകാതെ കഷ്ടപ്പാടിന്റെ പിടിയിലാണ് അനുഷ്ഠാനകലാകാരൻമാർ. കോവിഡ മഹാമാരി വന്നതോടെ തെയ്യം, വാദ്യം, നാടകം, കാവടിയാട്ടം തുടങ്ങിയ പരമ്പരാഗതകലാകാരൻമാർ അക്ഷരാർഥത്തിൽ വറുതിയിലായി. എടവപ്പാതി തുടങ്ങിയതോടെ ജീവിതോപാധിയായ ചെണ്ട കേടുവരാതിരിക്കാൻ തുകിലും കുറ്റിയും വാറും അഴിച്ചുമാറ്റി വീടിനകത്ത് ഉയരത്തിൽ വെവ്വേറെ തൂക്കിവെച്ച് സൂക്ഷിച്ചിരിക്കയാണ് വാദ്യക്കാർ. ധനുമാസത്തോടെ അനുഷ്ഠാനം വീണ്ടും തുടങ്ങുമെന്ന പ്രതീക്ഷയിലാണ് വാദ്യകലാകാരന്മാർ. നല്ല നാളെയെ പ്രതീക്ഷിച്ചുകൊണ്ട് തെയ്യത്തിന്റെ ആടകളും ചമയങ്ങളും പുതുക്കുകയാണ് തെയ്യം കലാകാരൻമാർ.

ഒള്ളൂരിലെ പാരമ്പര്യ തെയ്യം-വാദ്യകലാകാരനായ രജീഷ് പണിക്കർ ചമയം പുതുക്കുന്നതിന്റെ തിരക്കിലാണ്. പഴയതിന്റെ മോടികൂട്ടി തിളക്കം വർധിപ്പിക്കുകയുമാണ്. ആറാംക്ലാസുകാരനായ മകൻ ഹരിനാരായണനും സഹായത്തിനുണ്ട്. കേരള സാംസ്കാരികവകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരനാണിദ്ദേഹം. മലയൻ-പാണൻ സമുദായ ക്ഷേമസമിതി കൊയിലാണ്ടി മേഖലാ സെക്രട്ടറിയുമാണ്.