കുഞ്ഞുവാവകള്‍ക്ക് വാക്‌സിനെടുക്കാന്‍ മറക്കല്ലേ; കുഞ്ഞുങ്ങള്‍ക്കുള്ള പി.സി.വി.വാക്സിനേഷന് ജില്ലയില്‍ തുടക്കമായി


കോഴിക്കോട്: സാര്‍വത്രിക പ്രതിരോധ ചികിത്സാപരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന് ജില്ലയില്‍ തുടക്കമായി. വാക്‌സിനേഷന്റെ (പി.സി.വി.) ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ നിര്‍വഹിച്ചു.

ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ കുഞ്ഞുങ്ങളെ ന്യൂമോകോക്കല്‍ ബാക്ടീരിയ മൂലമുള്ള രോഗങ്ങളില്‍നിന്ന് പ്രതിരോധിക്കും. ചുമ, കഫക്കെട്ട്, ശ്വാസമെടുക്കാന്‍ പ്രയാസം, പനി, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഒപ്പം ഹൃദയാഘാതം, അബോധാവസ്ഥ തുടങ്ങി സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്ക് പോകുകയും ചെയ്‌തേക്കാം. ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ ഇത്തരം രോഗങ്ങള്‍ക്കെതിരേ മികച്ച പ്രതിരോധമാണ് തീര്‍ക്കുന്നത്.

കുഞ്ഞിന് ഒന്നരമാസം പ്രായമാകുമ്പോഴാണ് ആദ്യഡോസ് നല്‍കേണ്ടത്. അതിനുശേഷം മൂന്നരമാസം, 9 മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കേണ്ട സമയക്രമം. മറ്റു വാക്സിന്‍ എടുക്കുന്നതിനൊപ്പംതന്നെയാണ് ഈ വാക്സിനും നല്‍കുന്നത്. ഒരു വയസ്സുവരെ ഈ വാക്സിന്‍ എടുക്കുന്നതിനുള്ള സമയപരിധിയുമുണ്ട്.

എല്ലാ മാതാപിതാക്കളും അവരുടെ കുഞ്ഞുങ്ങള്‍ക്ക് ഷെഡ്യൂള്‍പ്രകാരം ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്‍ (പി.സി.വി.) കൂടി നല്‍കി രോഗപ്രതിരോധശേഷി ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. സുജാത എം. അധ്യക്ഷയായി. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍

ഡോ. ടി. മോഹന്‍ദാസ്, ഡബ്ല്യു.എച്ച്.ഒ. സര്‍വെയലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് രാജഗോപാല്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. അബ്ബാസ്, ശിശുരോഗവിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. പി. പ്രസീത എന്നിവര്‍ സംസാരിച്ചു.