കൂരാച്ചുണ്ടില്‍ ഓൺലൈൻ പഠനം പ്രതിസന്ധിയിൽ; ടവറിനു റീത്ത് വച്ച് പ്രതിഷേധിച്ചു


കൂരാച്ചുണ്ട്: കരിയാത്തുംപാറ അങ്ങാടിക്കു സമീപത്തെ ബിഎസ്എൻഎൽ ടവറിന്റെ കീഴിലുള്ള നെറ്റ്‌വർക് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കമ്മിറ്റി ടവറിനു മുൻപിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. ഈ പ്രദേശത്തെ വിദ്യാർഥികൾ മൊബൈൽ നെറ്റ്‌വർക് പ്രശ്നത്തിൽ ഓൺലൈൻ പഠനത്തിന് ദുരിതം അനുഭവിക്കുകയാണ്.

സ്വകാര്യ മൊബൈൽ കമ്പനികളെ സഹായിക്കാൻ ടവറിന്റെ അറ്റകുറ്റപ്പണിയും നടത്തുന്നില്ലെന്നും കോവിഡിന്റെ പേരിൽ ഓഫിസ് അടച്ചിട്ട് മാസങ്ങളായെന്നും പരാതി ഉയരുന്നുണ്ട്. പഞ്ചായത്ത് മെംബർ ജെസി കരിമ്പനക്കൽ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് നിഖിൽ വെളിയത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സന്ദീപ് കളപ്പുരയ്ക്കൽ, അശ്വിൻ തേനംമാക്കൽ,അഫ്സൽ സ്രാമ്പിക്കൽ,അമൽ പാണ്ടംമാന,ജോസ് വെളിയത്ത്,ജേക്കബ് ഒഴുകയിൽ,ഡാനിഷ് നരിയാറ്റിൽ,അതുൽ തേനംമാക്കൽ,അബി കരിമ്പനക്കൽ എന്നിവർ പ്രസംഗിച്ചു.