കൂരാച്ചുണ്ട് അത്യോടി കുറുവത്താഴപ്പാലം അപകടാവസ്ഥയില്‍; പാലത്തിന്റെ അറ്റകുറ്റപണി വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍


കൂരാച്ചുണ്ട് : പഞ്ചായത്തിലെ പത്താംവാർഡ് അത്യോടി കുറുവത്താഴപ്പാലം അപകടത്തിലായിട്ട് വർഷങ്ങളായെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധമുയരുന്നു. കൂരാച്ചുണ്ട് കാപ്പാട് കുന്നിൽനിന്ന്‌ വട്ടച്ചിറയിലേക്കും അങ്ങാടിയിലേക്കും പോകേണ്ട പ്രധാന റോഡിലാണ് പാലം തകരാറിലായത്. ഒട്ടേറെ കുടുംബങ്ങൾ നിത്യേന വാഹനങ്ങളിലും കാൽനടയായും പോകുന്ന വഴിയാണിത്. ഹെവി വാഹനങ്ങളും നിരന്തരമായി കടന്നുപോകാറുണ്ട്.

പാലത്തിന്റെ ഒരുവശത്തെ കല്ലുകൾ മുഴുവനായി ഇളകി തോട്ടിലേക്ക്‌ വീണിട്ടുണ്ട്. വശങ്ങളിലുള്ള മണ്ണുകുതിർന്ന് ഏതുനിമിഷവും പാലം തകരാമെന്ന അവസ്ഥയാണുള്ളത്. മുനവ്വിറുൽ ഇസ്‌ലാംമദ്രസയും അത്യോടി മുഹയദ്ദീൻ പള്ളിയും സമീപത്തായതിനാൽ ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർ യാത്രചെയ്യുന്ന പാലത്തിന് കൈവരി ഇല്ലാത്തതിനാലുള്ള അപകടസാധ്യതയും ഏറെയുണ്ട്.

പാലത്തിന് താഴെയുള്ള കുത്തൊഴുക്കുള്ള ചെറിയതോട് ചെന്നെത്തുന്നത് വീതികൂടിയ അത്യോടി തോട്ടിലേക്കാണ്. കഴിഞ്ഞവർഷം പാലം അപകടത്തിലാണെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഇപ്പോഴതും കാണാനില്ല. മഴക്കാലമായതിനാൽ കൂടുതൽ അപകടസാധ്യതയുണ്ടെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഇത്തരമൊരു സാഹചര്യത്തിൽ പാലത്തിന്റെ അറ്റകുറ്റപ്പണി വേഗത്തിലാക്കാൻ അധികൃതർ ഇടപെടണമെന്ന ആവശ്യമാണുയരുന്നത്.