കേരളത്തിലേക്ക് എയിംസോ? ബാലുശ്ശേരി കിനാലൂര്‍ എസ്റ്റേറ്റ് മുഖ്യപരിഗണനയില്‍


ബാലുശ്ശേരി: കേരളത്തിൽ സംസ്ഥാന സർക്കാർ അനുയോജ്യമെന്ന് കണ്ടെത്തുന്ന സ്ഥലത്ത് എയിംസ് അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയിൽനിന്ന് മുഖ്യമന്ത്രിക്ക്‌ ലഭിച്ചതായി സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ കിനാലൂർ എസ്റ്റേറ്റിലെ സ്ഥലം സന്ദർശിച്ചു. കേരളത്തിന്റെ ഏറെനാളത്തെ ആവശ്യമായ എയിംസ് അനുവദിക്കപ്പെടുകയാണെങ്കിൽ മുഖ്യപരിഗണന നൽകുന്നത് ബാലുശ്ശേരി കിനാലൂർ എസ്റ്റേറ്റിലെ സ്ഥലത്തിനാണ്.

കിനാലൂർ എസ്റ്റേറ്റിൽ വ്യവസായവകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് 150 ഏക്കറാണ് എയിംസിനായി പരിഗണിക്കപ്പെടുന്നത്. കെ.എസ്.ഐ.ഡി.സി. 150 ഏക്കർ എയിംസിനായി കൈമാറുന്ന കാര്യത്തിൽ ഏകദേശ ധാരണയായതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശത്തെ തുടർന്ന് റവന്യൂ വകുപ്പ് സർവേ ഉൾപ്പെടെയുള്ള പ്രാരംഭനടപടികൾ ഉടൻ ആരംഭിച്ചേക്കും.

ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ കോബ്രഗഡെ, ബാലുശ്ശേരി എം.എൽ.എ. കെ.എം. സച്ചിൻ ദേവ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ഡി.എം.ഒ. ഡോ. വി. ജയശ്രീ, ഡെപ്യൂട്ടി ഡി.എച്ച്.എസ്. ഡോ. ബിജോയ്, ഡി.പി.എം. നവീൻ, ഇസ്മയിൽ കുറുമ്പൊയിൽ, ഷാജി പണിക്കർ, എന്നിവർ ചൊവാഴ്ച സ്ഥലം സന്ദർശിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇ.കെ. ഇളങ്കോവൻ, മെഡിക്കൽ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ തോമസ് മാത്യു, കെ.എസ്.ഐ.ഡി.സി. ജനറൽ മാനേജർ പ്രശാന്ത്, എന്നിവരടങ്ങുന്ന ഉന്നതസംഘം വ്യവസായ പാർക്കിലെ സ്ഥലം സന്ദർശിച്ചിരുന്നു.

ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ്, ബാലുശ്ശേരി ഗവ. കോളേജ്, വ്യവസായ പാർക്ക്, സബ് സ്റ്റേഷൻ എന്നിവ നിലവിൽ കിനാലൂർ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.

വ്യവസായവകുപ്പിനു കീഴിൽ ബാക്കിയുള്ള സ്ഥലത്ത് എയിംസിനായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് ഉൾപ്പെടെ സർവേ നടപടികൾ ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയശേഷം കേന്ദ്രത്തിൽനിന്നുള്ള ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.