കൊച്ചി കസ്റ്റംസ് ഓഫീസിലെ കേന്ദ്ര സേനയുടെ സുരക്ഷ പിന്‍വലിച്ചു; തുടര്‍ന്നും ലഭ്യമാകാന്‍ പണം നല്‍കണമെന്ന് കേന്ദ്രം


ഭീഷണിയെത്തുടര്‍ന്ന് കേന്ദ്ര സേന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു. സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഓഫീസിന് സിആര്‍പിഎഫിന്റെ സുരക്ഷ ഏര്‍പ്പെുത്തിയിരുന്നത്. ഇനി പോലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും വധഭീഷണി ഉണ്ടെന്ന് നേരത്തെ ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനി സംസ്ഥാന പോലീസിന്റെ സഹായം തേടിയാല്‍ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. തുടര്‍ന്നും സിഐഎസ്എഫിന്റെ സുരക്ഷ ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടിവരുമെന്നും ഇത് സംബന്ധിച്ച് അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കി. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷ ആവശ്യപ്പെട്ട് കമീഷണര്‍ വീണ്ടും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.