കൊയിലാണ്ടി കൊല്ലം 17-ാം മൈല്‍സില്‍ മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി


കൊയിലാണ്ടി: കൊല്ലം 17-ാം മൈല്‍സില്‍ മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുത്തിപൊരിച്ചവയല്‍ (കോരങ്കണ്ടി) ജലേഷ് കുമാറിനെയാണ് (52) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് മൃതദേഹം പുറത്തെടുത്തത്.

കോരന്‍കണ്ടി നാരായണന്റെയും നാരായണിയുടെയും മകനാണ്. ബിന്ദുവാണ് ഭാര്യ. മക്കള്‍ രാഹുല്‍, അതുല്യ. സഹോദരങ്ങള്‍ ഗിരീഷ് കുമാര്‍, ഉമേഷ് കുമാര്‍, പരേതരായ ദിലീഷ് കുമാര്‍, ഹരീഷ് കുമാര്‍.

ജലേഷ് കുമാറിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തി. വീടിന് പിറകിലുള്ള കിണറിനടുത്ത് ഇദ്ദേഹത്തിന്റെ ചെരിപ്പും ഫോണും കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.

കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് എത്തി പാതാളക്കരണ്ടി ഉപയോഗിച്ച് കിണറില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് അടിത്തട്ടില്‍ മൃതദേഹം കണ്ടെത്തിയത്. പിന്നീട് റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ചാണ് സേനാംഗങ്ങള്‍ മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് മൃതദേഹം ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.കെ ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ്, ഇര്‍ഷാദ് ടി.കെ, നിധിപ്രസാദ് ഇ.എം, അരുണ്‍. എസ്, രാകേഷ് പി.കെ, മനോജ് പി.വി, ഹോംഗാര്‍ഡുമാരായ ബാലന്‍ ടി.പി, രാംദാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.