കോഴിക്കോട് ദമ്പതികളെ ബന്ദികളാക്കി മകളുടെ മുഖത്തു മുളകുപൊടി വിതറി മോഷണം; പ്രതി പിടിയിൽ


കോഴിക്കോട് : വലിയങ്ങാടിയിൽ രക്ഷിതാക്കളെ മുറിയിൽ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറി മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ഒളവണ്ണ കമ്പിളിപ്പറമ്പ് വി.പി.എ.ഹൗസിൽ സൽമാൻ ഫാരിസിനെയാണ് (24) ടൗൺ എസ്ഐ സി.ഷൈജു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10ന് പുലർച്ചെ ഗണ്ണി സ്ട്രീറ്റ് പൊൻമാണിച്ചിന്റകം കോമ്പൗണ്ടിൽ കമ്മറ്റി വി.പി.അബ്ദുൾ സലാമിന്റെ വീട്ടിലായിരുന്നു മോഷണം. ജനലഴി മുറിച്ചു മാറ്റിയാണു മോഷ്ടാവ് വീടിനകത്തു കടന്നത്.

അബ്ദുൾ സലാമും ഭാര്യയും കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണു മകൾ ആയിഷയുടെ മുറിയിൽ കയറിയത്. ആയിഷയുടെ 4 വയസ്സുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. കയ്യിൽ കിടന്ന് ബ്രെസ്ലെറ്റ് അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഉണർന്ന ഐഷ ചെറുത്തതിനെ തുടർന്ന്, അടുക്കളയിൽ നിന്നെടുത്ത മുളകുപൊടി ആയിഷയുടെ മുഖത്തേക്ക് വിതറി മോഷ്ടാവ് കടന്നുകളഞ്ഞു. ഒരു പവന്റെ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പരാതി നൽകിയിരുന്നു.

പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ചില ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇന്നലെ വൈകിട്ടു ബീച്ചിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരാതിക്കാർ തിരിച്ചറിഞ്ഞു. 2019–ൽ ടൗൺ പൊലീസ് സ്റ്റേഷനിൽ സ്കൂട്ടർ മോഷണക്കേസിലും മാങ്കാവ് ബാങ്ക് മോഷണശ്രമക്കേസിലും ഇയാൾ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.