കോഴിക്കോട് നിന്നുള്ള സമര സഖാവ്; മുഹമ്മദ് റിയാസിന്റെ യാത്ര സമര പോരാട്ടങ്ങളുടെ ചരിത്രം, ഇനി മന്ത്രി


കോഴിക്കോട്: നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ജയിച്ചതിന്റെ ആഹ്ലാദത്തിനിടയിൽ പി.എ.മുഹമ്മദ് റിയാസിന് ഇരട്ടിമധുരമായി മന്ത്രിസ്ഥാനവും തേടിയെത്തി യിരിക്കുകയാണ്. ബേപ്പൂരിൽ നിന്നാണ് റിയാസ് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എം.കെ.രാഘവനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു റിയാസ്.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയിൽ യുവജനപ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് റിയാസിന് ഇടം ലഭിച്ചത്. സെയ്ന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ.യിലുടെയാണ് രാഷ്ട്രീയസംഘടനാ പ്രവർത്തനം ആരംഭിച്ചത്. കോഴിക്കോട് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. 2017 ലാണ് ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സി.ഐ.ടി.യു രംഗത്തും ജില്ലയിൽ സജീവമായിരുന്നു.

നിലവിൽ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗമാണ്. റിട്ട.ഐ.പി.എസ്. ഉദ്യോഗസ്ഥൻ പി.എം. അബ്ദുൽ ഖാദറിന്റെയും കെ.എം. ആയിശാബിയുടെയും മകനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനാണ് ഭാര്യ.