തപാല്‍വോട്ട് രേഖപ്പെടുത്താം, ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ


കോഴിക്കോട് : നിയസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തപാല്‍ വോട്ട് ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ രേഖപ്പെടുത്താം. തപാല്‍ വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളുടെ പരിധിയില്‍പ്പെട്ട പോളിങ് സ്റ്റേഷനില്‍ സൗകര്യമൊരുക്കി.

രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തുന്ന അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്നവര്‍ അവരുടെ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയും കരുതണമെന്ന് നിര്‍ദേശം.

കോഴിക്കോട് ജില്ലയില്‍ തപാല്‍ വോട്ടിനായി സമര്‍പ്പിച്ചത് 4527 അപേക്ഷകളാണ്. ഹാജരാകാനാവാത്ത സമ്മതിദായകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ഇത്തവണ ആദ്യമായാണ് അവശ്യ സര്‍വീസുകാര്‍ക്ക് തപാല്‍ വോട്ടിന് അവസരം നല്‍കിയത്. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി., ട്രഷറി സര്‍വീസ്, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആംബുലന്‍സ്, തിരഞ്ഞെടുപ്പ് കവറേജിനു നിയുക്തരായ മാധ്യമപ്രവര്‍ത്തകര്‍, വ്യോമസേന, ഷിപ്പിങ് എന്നി അവശ്യസേവന ജീവനക്കാരാണ് തപാല്‍ വോട്ടിന് അര്‍ഹരായിട്ടുള്ളത്.