നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവം; കൊല്ലത്ത് യുവതി അറസ്റ്റില്‍


കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദർശനൻ പിള്ളയുടെ മകൾ പേഴുവിള വീട്ടിൽ രേഷ്മ(22)യെയാണ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഡി.എൻ.എ. പരിശോധന അടക്കം നടത്തിയ ശേഷമാണ് പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുത്തത്.

ജനുവരി അഞ്ചാം തീയതിയാണ് സുദർശൻ പിള്ളയുടെ പറമ്പിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരിച്ചു. തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്ത്രീകളുടെ രക്തസാമ്പിൾ ഡി.എൻ.എ. പരിശോധനയ്ക്കായി് ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. തുടർന്ന് രേഷ്മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതയായ രേഷ്മയ്ക്ക് ഒരു കുട്ടിയുണ്ട്. ഇവരുടെ ഭർത്താവ് വിദേശത്താണ്. ഇതിനിടെ ഫെയ്സ്ബുക്കിലൂടെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇയാളോടൊപ്പം ജീവിക്കാൻ കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് രേഷ്മ പ്രസവിച്ചശേഷം കുഞ്ഞിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ചതെന്നാണ് വിവരം. യുവതിയെ ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.