നിപ: ബിരുദതല പൊതു പ്രാഥമിക പരീക്ഷകള്‍ മാറ്റിവെച്ച് പി.എസ്.സി


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബിരുദതല പൊതു പ്രാഥമിക പരീക്ഷമാറ്റിവെയ്ക്കുന്നതായി പി.എസ്.സി. സെപ്റ്റംബര്‍ 18നും 25നും നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ്‌ യഥാക്രമം ഒക്ടോബര്‍ 23, 30 തിയ്യതികളിലേക്ക് നീട്ടിയത്‌.

പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിപ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകള്‍ക്കായി ജില്ലയില്‍ പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നതെന്നാണ് വിശദീകരണം.

സെപ്റ്റംബര്‍ ഏഴിന് നടത്താന്‍ നിശ്ചയിച്ചിരുന്ന അറബിക് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ ഒക്ടോബര്‍ ആറിലേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകുമെന്നും പി.എസ്.സി വ്യക്തമാക്കി.

പി.എസ്.സിയുടെ കോഴിക്കോട് മേഖലാ/ ജില്ലാ ഓഫീസുകളില്‍വെച്ച് സെപ്റ്റംബര്‍ ആറ് മുതല്‍ പത്തുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷ, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം, സര്‍ട്ടിഫിക്കറ്റ് പരിശോധന, സര്‍വ്വീസ് പരിശോധന എന്നിവയും മാറ്റിവെച്ചിട്ടുണ്ട്. ഇതിന്റെ പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും പി.എസ്.സി അറിയിച്ചു.