പരാതിയില്‍ ഉചിതമായ നടപടിയുണ്ടായില്ല; പേരാമ്പ്ര പോലീസ് സ്റ്റേഷന് മുന്നില്‍ യുവതിയുടെയും മകളുടെയും കുത്തിയിരിപ്പുസമരം


പേരാമ്പ്ര : പേരാമ്പ്ര പോലീസ് സ്റ്റേഷന് മുന്നില്‍ നൊച്ചാട് സ്വദേശിയായ യുവതിയും(29 വയസ്സ്), 10 വയസ്സുകാരിയായ മകളും കുത്തിയിരിപ്പുസമരം നടത്തി. സമീപവാസി ചീത്തപറഞ്ഞ് അവഹേളിച്ചുവെന്ന് നേരത്തേ യുവതി പേലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ ഉചിതമായ നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് യുവതിയും മകളും വെള്ളിയാഴ്ച വൈകീട്ട് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയത്.

ഓഗസ്റ്റില്‍ ഇതരസംസ്ഥാനത്തുനിന്ന് എത്തിയ സമീപവാസി ക്വാറന്റീനില്‍ നിന്നില്ലെന്ന് ആരോഗ്യവിഭാഗത്തിന് പരാതി ലഭിച്ചതിന്റെ പേരിലാണ് പ്രശ്‌നം തുടങ്ങിയതെന്നാണ് പറയുന്നത്. താനാണ് ഇക്കാര്യം അറിയിച്ചതെന്നു പറഞ്ഞാണ് മോശമായ പദപ്രയോഗങ്ങളുണ്ടായതെന്നാണ് യുവതിയുടെ പരാതി. കേസ് നല്‍കിയതിനുശേഷവും ഇക്കാര്യം ആവര്‍ത്തിച്ചെന്നും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപം തുടരുകയാണെന്നും ഇവര്‍ പറയുന്നു. ഇക്കാര്യത്തില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

പോലീസ് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം, പരാതിയില്‍ പ്രതിയെ നേരത്തേ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടതാണെന്ന് പോലീസ് പറഞ്ഞു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക