പാണ്ഡ്യ ഷോ, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം


സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍ വേണ്ടിയിരുന്ന ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ട് സിക്‌സര്‍ പറത്തി. ആദ്യ പന്തില്‍ സിക്‌സ് നേടിയ പാണ്ഡ്യ രണ്ടാമത്തെ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. മൂന്നാം പന്ത് അടിക്കാന്‍ കഴിഞ്ഞില്ല. നാലാം പന്തും സിക്‌സര്‍ പറത്തി പാണ്ഡ്യയും ശ്രേയസ്സ് അയ്യരും ആറ് വിക്കറ്റ് വിജയം ആഘോഷിച്ചു. ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യയ്ക്കായി ശിഖര്‍ ധവാന്‍ 52 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും സഞ്ജു സാംസണ് 15 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പാണ്ഡ്യ 22 പന്തില്‍ 42 ഉം ശ്രേയസ്സ് അയ്യര്‍ അഞ്ച് പന്തില്‍ 12 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കോലി 40, രാഹുല്‍ 30 എന്നിങ്ങനെ റണ്‍സടിച്ചു. മറ്റെല്ലാ ബോളര്‍മാരും നിറം മങ്ങിയപ്പോള്‍ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത നടരാജന്റെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. പാണ്ഡ്യയാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തേ, നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. അര്‍ധസെഞ്ചുറി നേടിയ മാത്യു വെയ്ഡിന്റെയും മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്തിന്റെയും ഇന്നിങ്‌സാണ് കങ്കാരുക്കളെ മികച്ച സ്‌കോറിലെത്തിച്ചത്. ഫിഞ്ചിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട മാത്യു വെയ്ഡ് തകര്‍ത്തടിച്ചതോടെ തുടക്കം മുതല്‍ മികച്ച റണ്‍റേറ്റ് കണ്ടെത്തിയ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചു. 9 റണ്‍സെടുത്ത ഡാഴ്‌സി ഷോട്ട് പുറത്തായപ്പോള്‍ സ്റ്റീവ് സ്മിത്ത് വെയ്ഡിന് മികച്ച പിന്തുണ നല്‍കി. 32 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും അടക്കം 58 റണ്‍സെടുത്ത മാത്യു വെയ്ഡനെ റണ്‍ഔട്ടിലൂടെ പുറത്താക്കിയ കോഹ്ലിയും രാഹുലും ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

എന്നാല്‍ തകര്‍ത്തടിച്ച സ്റ്റീവ് സ്മിത്ത് 38 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. 13 പന്തില്‍ 22 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്വെല്ലും 18 പന്തില്‍ 26 റണ്‍സുമായി മോസസ് ഹെന്റിഖസും ടീം സ്‌കോറില്‍ കാര്യമായ സംഭാവന നല്‍കിയ ശേഷമാണ് ക്രീസ് വിട്ടത്. 16 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റൊയ്‌നിസും 8 റണ്‍സുമായി ഡാനിയേല്‍ സാംസും പുറത്താകാതെ നിന്നു.