പുതുവർഷത്തിൽ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും


ബംബോലിം: കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തരായ മുംബൈ സിറ്റി എഫ് സിയെ നേരിടാനിറങ്ങുന്നു. ഇന്ന് രാത്രി 7.30 നാണ് മത്സരം.

ആറു കളികൾക്ക് ശേഷമാണ് ഹൈദരാബാദിനെതിരെ കേരളം ആദ്യ ജയം സ്വന്തമാക്കിയത്. അക്രമണ ഫുട്ബോൾ കളിക്കുന്ന ഹൈദരബാദ് ടീമിനെ മൂന്ന് വിദേശ താരങ്ങളില്ലാതെ കളിച്ചിട്ടും തോൽപ്പിക്കാൻ കഴിഞ്ഞത് ബ്ലാസ് റ്റേഴ്സിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്. പ്രതിരോധത്തിൽ കോസ്റ്റ നമോയിൻസു – ബക്കാരി കോനെ സഖ്യമില്ലാതിരുന്നിട്ടും ഹൈദരബാദിനെ പൂട്ടാൻ അബ്ദുൾ ഹക്കുവും സന്ദീപ് ദാസും കളിച്ച സെൻട്രൽ ഡിഫൻസിനായി. വിങ്ങറുടെ റോളിൽ സഹൽ അബ്ദുൾ സമദിനും തിളങ്ങാനായി. ഇരു വിങ്ങുകളിലായി കെ.പി.രാഹുൽ – സഹൽ എന്നിവർ കളിക്കുന്നത് അക്രമണത്തിന് ഗുണം ചെയ്തു. അറ്റാക്കിംഗ് മിഡ്ഫീൽഡിൽ ഫക്കുണ്ടോ പെരേരയും, മധ്യനിരയിൽ ജിക്സൺ സിങ്ങും ഫോമിലേക്കുയർന്നത് ടീമിന് പ്രതീക്ഷ നൽകുന്നു. സ്ട്രൈക്കറായി ജോർഡാൻ മറെ എത്താനാണ് സാധ്യത. ആറു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്.

മികച്ച ഫോമിലാണ് മുംബൈ സിറ്റി. അഞ്ചു ജയവും ഒരു തോൽവിയും, ഒരു സമനിലയുമായി ലീഗിൽ രണ്ടാം സ്ഥാനത്താണവർ. ഡിഫൻസീവ് മിഡ്ഫീൽഡിൽ അഹമ്മദ് ജാഹു, അറ്റാക്കിംഗ് മിഡ്ഫീൽഡിൽ ഹ്യൂഗോ ബൗ മാസ്, വിങ്ങർ ബിപിൻ സിംങ്ങ് എന്നിവർ മികച്ച ഫോമിലാണ്. തന്ത്രശാലിയായ പരിശീലകൻ സെർജി ലൊബേറയും ഒരു കൂട്ടം മികച്ച കളിക്കാരും, മുംബൈയെ തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഒരു ടീമാക്കി മാറ്റുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക