പെൻഷൻ മാനദണ്ഡം പുതുക്കി; ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യക്ഷേമ പെൻഷന് അർഹതയുണ്ട്


കോഴിക്കോട്: സാമൂഹ്യ സുരക്ഷാ പെൻഷനുള്ള അർ​ഹതയിൽ മാറ്റങ്ങൾ വരുത്തി സംസ്ഥാന സർക്കാർ. ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യക്ഷേമ പെൻഷന് അർഹതയുണ്ടെന്ന് പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു. പ്രതിമാസം 4000 രൂപ വരെ എക്സ്​ഗ്രേഷ്യാ ലഭിക്കുന്നവർക്കും പെൻഷന് അർഹതയുണ്ട്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനായി മാനദണ്ഡങ്ങളും അനുബന്ധ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നുവെന്നും വാഹനമുണ്ടെന്നുമുള്ള കാരണത്താല്‍ നിരവധി പേരുടെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നുവെന്ന് തെറ്റായി രേഖപ്പെടുത്തിയതു കാരണം പെന്‍ഷന്‍ തടയപ്പെട്ടവര്‍ക്ക് തദ്ദേശഭരണ സെക്രട്ടറിക്ക് ബോധ്യപ്പെടന്ന പക്ഷം പെന്‍ഷനുകള്‍ പുന:സ്ഥാപിച്ചു നല്‍കാം. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നിവയില്‍ ഒന്നു മാത്രമേ അനുവദിക്കുകയുള്ളൂ. ഇതു ഗുണഭോക്താവിനു തീരുമാനിക്കാം.

ഇ.പി.എഫ് പെന്‍ഷനൊപ്പം രണ്ടു ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ കൈപ്പറ്റുന്നവരുണ്ടെങ്കില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നല്‍കുന്ന ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ റദ്ദാക്കണം. പ്രതിമാസം 4000 രൂപ വരെ എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍ അല്ലെങ്കില്‍ എന്‍.പി.എസ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 600 രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനോ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനോ അനുവദിക്കാം.

വാഹനമുണ്ടെന്ന കാരണത്താല്‍ താല്‍ക്കാലികമായി പെന്‍ഷന്‍ തടഞ്ഞുവയ്ക്കപ്പെട്ടവര്‍ പിന്നീട് അര്‍ഹരാണെന്ന് വ്യക്തമായാല്‍ പെന്‍ഷന്‍ പുന:സ്ഥാപിച്ചു നല്‍കണമെന്നും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.