ബസുടമകള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം; ടൂറിസ്​റ്റ്​ ബസുകൾ ഇന്ന്​ വാഹനച്ചങ്ങല തീർക്കും


കോഴിക്കോട്: കോവിഡ്​ പ്രതിസന്ധിയിലായ ടൂറിസ്​റ്റ്​ ബസുടമകളെ സഹായിക്കാന്‍ സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ട്രാക്ട് കാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഇന്ന് സംസ്ഥാന വ്യാപകമായി വാഹനച്ചങ്ങല തീര്‍ക്കും. വൈകുന്നേരം 5.30ന് 10 മിനുട്ട് വാഹനങ്ങള്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടാണ് സമരം. ജില്ലയില്‍ രാമനാട്ടുകര വൈദ്യരങ്ങാടി മുതല്‍ അഴിയൂര്‍ വരെ വാഹനങ്ങൾ നിർത്തിയിടും.

പ്രതിഷേധ വാഹനചങ്ങലയില്‍ സംസ്​ഥാനത്ത്​ അയ്യായിരത്തോളം വാഹനങ്ങള്‍ അണിനിരക്കുമെന്ന്​ അസോസിയേഷന്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റോഡ് നികുതി 2022 മാര്‍ച്ച് വരെ ഒഴിവാക്കുക, സി.സി പെര്‍മിറ്റ് പ്രതിസന്ധി പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുക, ബസുടമകള്‍ക്ക് ഉപാധിരഹിത വായ്പ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ആദ്യ കൊവിഡ് കാലം മുതല്‍ കോണ്‍ട്രാക്ട് കാരേജ് ബസുകളും മറ്റു വാഹനങ്ങളും കടുത്ത പ്രയാസം നേരിടുകയാണെന്ന് അസോസിയേഷന്‍ രക്ഷാധികാരി സി. വിവേകാനന്ദൻ പറഞ്ഞു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബസുകള്‍ ജപ്തി ചെയ്യുന്ന അവസ്ഥയാണെന്നും ഉടമകള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന ജോയൻറ്​ സെക്രട്ടറി രാജു (ഗരുഡ), ജില്ലാ പ്രസിഡൻറ്​ റഫീഖ് ചുങ്കം, വൈസ് പ്രസിഡൻറ്​ മോഹനന്‍(എവണ്‍), സെക്രട്ടറി കെ.പി. ശ്രീശാന്ത് എന്നിവരും സംബന്ധിച്ചു.