മദ്യലഹരിയില്‍ ബൈക്കോടിച്ചു; പൊലീസിനെ കണ്ടപ്പോള്‍ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ പിടിയില്‍


താമരശ്ശേരി: മദ്യലഹരിയില്‍ ബൈക്കോടിച്ചെത്തിയയാളെ പൊലീസ് തടഞ്ഞപ്പോള്‍ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുപ്പാടി നെരൂക്കുംചാല്‍ പുത്തലത്ത് അബ്ദുല്‍സലാമാണ് (47) കഴുത്ത് മുറിച്ചത്. ഉടന്‍ തന്നെ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ താമരശ്ശേരി ചുങ്കത്തായിരുന്നു സംഭവം. ഇയാള്‍ അപകടകരമായി ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ചുങ്കത്തുവെച്ച് ബൈക്ക് തടഞ്ഞത്.

ബൈക്ക് നിര്‍ത്തിയ ഉടനെ ഇയാള്‍ കയ്യിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. പൊലീസ് ഇയാളെ തടയുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.