മെഡിക്കൽ/എഞ്ചീനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് വിഷൻ പദ്ധതി പ്രകാരം ധനസഹായം: വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (22/12/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

യോഗത്തിൽ പങ്കെടുക്കണം

ജില്ലാ കേരളോത്സവത്തിൽ അത്ലറ്റിക്സ്, ഗെയിംസ്, കളരിപ്പയറ്റ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാനതല മത്സരത്തിന് അർഹത നേടിയവരുടെ യോഗം ഡിസംബർ 24 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ബാങ്ക് കുടിശ്ശികയുളളവര്‍ ഇളവുകള്‍ പ്രയോജനപ്പെടുത്തണം

കോഴിക്കോട് താലൂക്കിലെ റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന എല്ലാ ബാങ്ക് കുടിശ്ശികക്കാരുടെയും അദാലത്ത് 2023 ജനുവരി 4 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നു. പ്രസ്തുത അദാലത്തില്‍ റവന്യൂ/ബാങ്ക് അധികൃതരുമായി സഹകരിച്ച് ഇളവുകള്‍ പ്രയോജനപ്പെടുത്തണമെന്നും കുടിശ്ശിക തീര്‍ത്ത് റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകേണ്ടതാണെന്നും റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :0495- 2374300

കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമ൯ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആ൪.ഡി.) ആഭിമുഖ്യത്തിൽ 2023 ജനുവരി മാസത്തിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ട൪ ആപ്ലിക്കേഷ൯സ്, ഡാറ്റ എ൯ട്രി ടെക്നിക്സ് ഓഫീസ് ഓട്ടോമേഷ൯,ഡിപ്ലോമ ഇ൯ കംപ്യൂട്ട൪ആപ്ലിക്കേഷ൯സ്, സ൪ട്ടിഫിക്കറ്റ് കോഴ്സ് ഇ൯ലൈബ്രറി ആന്റ്ഇ൯ഫ൪മേഷ൯ സയ൯സ്, ഡിപ്ലോമ ഇ൯ കമ്പ്യൂട്ടറൈസ്ഡ്ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇ൯ സൈബർ ഫോറൻസിക്സ് &സെക്യൂരിറ്റി,അഡ്വാ൯സ്ഡ് ഡിപ്ലോമ ഇ൯ബയോ മെഡിക്കൽ എ൯ജിനീയറിംഗ്,ഡിപ്ലോമ ഇ൯ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്൯മാനേജ്മെന്റ്,പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇ൯ എംബെഡഡ് സിസ്റ്റം ഡിസൈ൯,സ൪ട്ടിഫിക്കറ്റ് കോഴ്സ് ഇ൯കമ്പ്യൂട്ടർ നെറ്റ് വർക്ക്അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിൽ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സുകളിൽ പഠിക്കുന്ന എസ്.സി/ എസ്.ടി മറ്റ് പിന്നോക്ക വിദ്യാർത്ഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അ൪ഹതയുണ്ടായിരിക്കും. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും www.ihrd.ac.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 30 വൈകുന്നേരം 4 മണിക്കു മു൯പായി അതാത് സ്ഥാപനമേധാവിക്ക് സമ൪പ്പിക്കേണ്ടതാണ്.

വിഷൻ പദ്ധതി:അപേക്ഷകൾ ക്ഷണിച്ചു

വിഷൻ പദ്ധതി പ്രകാരം 2022-23 അദ്ധ്യയന വർഷം കോഴിക്കോട് ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡുവാങ്ങി +1 ന് സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മെഡിക്കൽ /എഞ്ചീനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനുള്ള ധനസഹായം 10,000 രൂപ വീതം ലഭിക്കുന്നതിന് പരിശീലനം ലഭിച്ചുവരുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം ജാതി, വരുമാനം, (വരുമാന പരിധി 6 ലക്ഷം രൂപ) പ്ലസ് 1 കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുളള സാക്ഷ്യപത്രവും ബില്ലുകളും പഞ്ചായത്ത് ഓഫീസിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം എന്നീ രേഖകൾ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജനുവരി 10 ന് 5 മണിക്ക് മുൻപായിഅപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2370379

ഒറ്റത്തവണ നികുതി: പിഴപ്പലിശ ഒഴിവാക്കും

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കെട്ടിട നികുതി കുടിശ്ശിക നടപ്പു വര്‍ഷത്തേതുള്‍പ്പടെ ഒറ്റത്തവണയായി ഡിസംബര്‍ 31 നുള്ളില്‍ അടയ്ക്കുന്നവരുടെ പിഴ പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു. taz.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും നികുതി അടക്കാവുന്നതാണ്.

അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിയുമായി കൂടരഞ്ഞി പഞ്ചായത്ത്

അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള കോഴി വിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

മുൻഗണനാ ലിസ്റ്റിലെ 167 പേർക്കാണ് കോഴികളെ നൽകുന്നത്. 45 – 60 ദിവസം പ്രായമുളള 5 കോഴി കുഞ്ഞുങ്ങളെ വീതം സൗജന്യമായാണ് ഗ്രാമപഞ്ചായത്ത് നൽകിയത്. ചടങ്ങിൽ വാർഡ് മെമ്പർമാരായ ബോബി ഷിബു, ജെറീന റോയ്, വെറ്റിനറി സർജൻ ഡിജേഷ് ഉണ്ണികൃഷ്ണൻ, കക്കാടംപൊയിൽ വെറ്റിനറി സർജൻ അഞ്ജലി, ജെസ്വിൻ തോമസ്, അഞ്ചു സജീഷ് തുടങ്ങിയവർ പങ്കെടുത്തു.

ഉപഭോക്തൃ അവകാശ ദിനാചരണം ഡിസംബര്‍ 24 ന്

ഉപഭോക്താക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ഉപഭോക്തൃ അവകാശ ദിനാചരണം ഡിസംബര്‍ 24 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്തി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല പ്രസംഗം, ഉപന്യാസം, ക്വിസ് മത്സര വിജയികള്‍ക്കുളള സമ്മാനദാനം ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി വിതരണം ചെയ്യും. ഈ വര്‍ഷത്തെ ഉപഭോക്തൃ സന്ദേശമായ ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ് എന്ന വിഷയത്തില്‍ യൂണിയന്‍ ബാങ്ക് ചീഫ് മാനേജര്‍ ആദര്‍ശ് വി.കെ ക്ലാസ്സെടുക്കും.

പ്രതിസന്ധികള്‍ പഴങ്കഥയാക്കി കൂളിമാട്പാലം പൂര്‍ത്തീകരണത്തിലേക്ക്

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം പ്രവൃത്തി അന്തിമഘട്ടത്തിൽ. പാലത്തിന്‍റെ മപ്രം ഭാഗത്ത് നടക്കുന്ന അവസാന ഘട്ട കോണ്‍ക്രീറ്റ് സൈറ്റ് പി.ടി.എ റഹീം എം.എല്‍.എ സന്ദര്‍ശിച്ചു.

2016-17 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കൂളിമാട് പാലത്തിന്‍റെ പ്രവൃത്തി 2019 മാര്‍ച്ച് 09 ന് ഉദ്ഘാടനം ചെയ്ത് ആരംഭിച്ചിരുന്നു. തുടര്‍ന്ന് വന്ന പ്രളയത്തില്‍ പാലത്തിന്‍റെ പ്രവൃത്തിക്കായി നാട്ടിയ സംവിധാനങ്ങള്‍ ഒലിച്ചുപോവുകയും നിര്‍മ്മാണ സാമഗ്രികള്‍ നശിക്കുകയും ചെയ്തതോടെ പ്രവൃത്തി നിര്‍ത്തിവെക്കുകയായിരുന്നു. പ്രളയത്തെ പ്രതിരോധിക്കുന്ന രീതിയില്‍ പാലത്തിന്‍റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കിയശേഷമാണ് പിന്നീട് പ്രവൃത്തി പുനരാരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി കരാർ എടുത്ത കൂളിമാട് പാലത്തിന് കിഫ്ബി മുഖേന 25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിരുന്നത്.

പാലത്തിന് 35 മീറ്റര്‍ നീളത്തിലുള്ള 7 സ്പാനുകളും 12 മീറ്റര്‍ നീളത്തിലുള്ള 5 സ്പാനുകളും ഉള്‍പ്പെടെ 309 മീറ്റര്‍ നീളമുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റര്‍ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആകെ 13 തൂണുകളും രണ്ട് വശങ്ങളിലും അബട്ട്മെന്റുകളും ഉള്ള ഈ പാലം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലുള്ളവര്‍ക്കടക്കം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകമാവും.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, കെ.ആര്‍.എഫ്.ബി എക്സി. എഞ്ചിനീയര്‍ കെ അബ്ദുല്‍ അസീസ്, അസി. എക്സി. എഞ്ചിനീയര്‍ പി.ബി ബൈജു, അസി. എഞ്ചിനീയര്‍ എം അബ്ദുല്‍ വഹാബ്, ഓവര്‍സിയര്‍ എല്‍ ഹാരിസ് , ടി.വി ബഷീര്‍, എ റസാഖ് തുടങ്ങിയവര്‍ സന്ദർശനത്തിൽ സംബന്ധിച്ചു.

ബേപ്പൂര്‍ ഒരുങ്ങുന്നു : ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങള്‍ക്കായി

ബേപ്പൂരിന്റെ മുഖഛായ മാറ്റുന്ന വാട്ടര്‍ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. വിവിധ സ്റ്റാളുകളും പവലിയനുകളും അവസാനഘട്ട ഒരുക്കത്തിലാണ്. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ ഫെസ്റ്റ് രണ്ടാം സീസണിന് ഡിസംബര്‍ 24 ന് തിരിതെളിയും. ഡിസംബര്‍ 28 വരെ നീളുന്ന ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയാണ്.

ബേപ്പൂരില്‍ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ടൂറിസം വകുപ്പും ജില്ല ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്. സിറ്റ് ഓണ്‍ ടോപ്പ് കയാക്കിങ്, വൈറ്റ് വാട്ടര്‍ കയാക്കിങ്, ബാംബൂ റാഫ്റ്റിങ് തുടങ്ങിയ സാഹസിക ഇനങ്ങള്‍ക്ക് പുറമെ തദ്ദേശവാസികള്‍ക്കായി നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങള്‍, വല വീശല്‍, ചൂണ്ടയിടല്‍ എന്നിവയും സംഘടിപ്പിക്കുന്നു. സെയിലിങ് റെഗാട്ടയില്‍ വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട്.

വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോഴിക്കോടിന്റെ തനത് രുചി വിഭവങ്ങള്‍ അണിനിരക്കുന്ന മെഗാ ഫുഡ് ഫെസ്റ്റിവലും മേളയുടെ മുഖ്യാകര്‍ഷണമാവും.ടൂറിസം കാർണിവൽ, ഫുഡ്‌ ആൻഡ്‌ ഫ്ളീ മാർക്കറ്റ് എന്നിവ മുഴുവൻ ദിവസങ്ങളിലും രാവിലെ 10 മുതൽ രാത്രി 10 വരെ ഉണ്ടാവും.

ഡിസംബര്‍ 24 ന് വൈകുന്നേരം 7.30 മുതല്‍ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും നയിക്കുന്ന ഗാനസന്ധ്യ വേദിയിലെത്തും. 25 ന് വിധുപ്രതാപ് ഷോ, പാഗ്ലി ബാന്‍ഡ് സംഗീത പരിപാടി എന്നിവ അരങ്ങേറും. 26 ന് നവ്യ നായര്‍, കെ.കെ നിഷാദ്, താമരശ്ശേരി ബാന്‍ഡ് എന്നിവരുടെ കലാപരിപാടികള്‍ നടക്കും. 27 ന് ശിവമണി, കാവാലം ശ്രീകുമാര്‍, പ്രകാശ് ഉള്ള്യേരി, സൗരവ് കൃഷ്ണ, ഗുല്‍ സക്‌സേന എന്നിവരുടെ കലാപ്രകടനങ്ങള്‍ വേദിയിലെത്തും. 28 ന് തൈക്കുടം ബാന്‍ഡ് കാണികള്‍ക്ക് മുന്നിലെത്തും.

കലങ്ങോട് മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി

കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ കലങ്ങോട് മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. വര്‍ഷങ്ങളായി കുടിവെള്ളമില്ലാതിരുന്ന കലങ്ങോട് പ്രദേശവാസികള്‍ക്ക് കുടിവെള്ളമെത്തി.

പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോര്‍ജ് മാസ്റ്റർ കലങ്ങോട്ടെ കുടിവെള്ള വിതരണ സംവിധാനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് അധ്യക്ഷയായി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുരേന്ദ്രന്‍ മുഖ്യാതിഥിയായി.

പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടില്‍ നിന്ന് 25 ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അറുപത് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നമാണ് പരിഹരിക്കപ്പെട്ടത്.

പ്ലാസ്റ്റിക്കിന് ബദല്‍ ഉല്‍പ്പന്നം; മേള നാളെ (ഡിസംബര്‍ 23) നാദാപുരത്ത്

സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ബദല്‍ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്താന്‍ ഒരുങ്ങി നാദാപുരം ഗ്രാമപഞ്ചായത്ത്. മേളയുടെ ഉദ്ഘാടനം ഡിസംബര്‍ 23 ന് രാവിലെ 10 മണിക്ക് നാദാപുരം മാര്‍ക്കറ്റ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വ്വഹിക്കും.

മേളയില്‍ പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കാന്‍ കഴിയുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തും.
സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുനര്‍ജനി ബയോഗ്രീന്‍ പ്രോഡക്റ്റ്‌സുമായി ചേര്‍ന്നാണ് പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന മേള സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ മുഴുവന്‍ വ്യാപാരികളും പങ്കെടുക്കണമെന്ന് നാദാപുരം പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് അറിയിച്ചു.

അവകാശം അതിവേഗം: കോര്‍പ്പറേഷന്‍ പദ്ധതികള്‍ അവസാനഘട്ടത്തില്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അവകാശം അതിവേഗം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്രര്‍ക്കായി നടപ്പിലാക്കുന്ന സേവനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രത്യേക സര്‍വേ നടത്തി കണ്ടെത്തിയവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളാണ് അവസാനഘട്ടത്തിലെത്തിനില്‍ക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം പുതുവര്‍ഷത്തില്‍ നടത്താനാണ് നഗരസഭയുടെ തീരുമാനം.

നഗരസഭയിലെ അതിദരിദ്രരില്‍ റേഷന്‍ കാര്‍ഡില്ലെന്ന് കണ്ടെത്തിയ 52 പേരില്‍ 30 പേര്‍ക്ക് റേഷന്‍ കാര്‍ഡ്, 814 കുടുംബങ്ങളില്‍ 512 കുടുംബങ്ങളെ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡില്‍ ഉള്‍പെടുത്തുന്നതിനുള്ള നടപടികള്‍ എന്നിവ സ്വീകരിച്ചു. കോര്‍പ്പറേഷന്‍ കണ്ടെത്തിയ കുടുംബങ്ങളില്‍ ആധാര്‍ കാര്‍ഡില്ലാത്ത 56 പേരില്‍ 22 പേര്‍ക്ക് ആധാര്‍ കാര്‍ഡ് അനുവദിച്ചു. ബാക്കിയുള്ള 18 പേരുടെ ആധാര്‍ അപേക്ഷ അക്ഷയ മുഖേന സമര്‍പ്പിച്ചു. 67 ഗുണഭോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്നതിന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മുഖേനയും നടപടികള്‍ സ്വീകരിച്ചു.

സര്‍വേയില്‍ ഉള്‍പ്പെട്ട 68 കുടുംബങ്ങള്‍ക്കാണ് കുടുംബശ്രീ അയല്‍ക്കൂട്ട അംഗത്വം അനുവദിച്ചത്. അതി ദരിദ്രരായതും സാമൂഹ്യ സുരക്ഷാ പെന്‍ഷന് അര്‍ഹരാണെന്നും കണ്ടെത്തിയ 30 ഗുണഭോക്താക്കളുടെ അപേക്ഷകള്‍ കൗണ്‍സിലിന്റെ പരിഗണനയിലാണ്. കൗണ്‍സില്‍ അംഗീകാരം നല്‍കിയാല്‍ വിവിധ തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ഇവര്‍ക്ക് ലഭിക്കും. 69 ഗുണഭോക്താക്കള്‍ക്ക് നഗര തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ കാര്‍ഡ് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചു. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് കഴിക്കാന്‍ നിവൃത്തിയില്ലാത്ത 105 കുടുംബങ്ങള്‍ക്ക് നഗരത്തിലെ ജനകീയ ഹോട്ടലുകള്‍ മുഖേന ഭക്ഷണം ലഭിക്കുന്നതിനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു. ജനുവരി ഒന്നു മുതല്‍ മൂന്നു നേരം ഇവര്‍ക്ക് ഭക്ഷണം ലഭിക്കുന്ന പദ്ധതിക്ക് തുടക്കമാകും. പാചകം ചെയ്ത ഭക്ഷണം വാതില്‍ പടി സേവനത്തില്‍ ഉള്‍പ്പെടുത്തി ഇത്തരം ഗുണഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിന് കേരളാ ബാങ്കുമായി സഹകരിച്ച് 30 പേര്‍ക്ക് പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങാനും അവകാശം അതിവേഗം പദ്ധതിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ സഹായം നല്‍കി.

അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനം: മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്‍ അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അവകാശം അതിവേഗം പദ്ധതിയുടെ ഭാഗമായി അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ടാഗോര്‍ ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ് നിര്‍വഹിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റന്റെ ആഭിമുഖ്യത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ചികിത്സക്ക് പുറമെ മരുന്നും വിവിധ പരിശോധനാ കൗണ്ടറുകളുടെ സജ്ജീകരണവും ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിരുന്നു. നഗരസഭ ഡിസ്‌പെന്‍സറികളില്‍ ലഭ്യമായിട്ടുള്ള മരുന്നകള്‍ക്ക് പുറമെ മറ്റു മരുന്നുകള്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ മുഖേനയും ലഭ്യമാക്കി. രോഗികള്‍ക്ക് തുടര്‍ ചികിത്സക്ക് ആവശ്യമായ മരുന്നുകളും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ 127 ഗുണഭോക്താക്കളാണ് ക്യാമ്പില്‍ പരിശോധനക്കായി എത്തിയത്.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു ബിനി, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ശശി കുമാര്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ ശ്രീജ ഹരീഷ് എന്നിവര്‍ സംസാരിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ദിവാകരന്‍ സ്വാഗതവും പ്രോജക്ട് ഓഫീസര്‍ ടി.കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രൊമോ വീഡിയോ ലോഞ്ചിംഗ് നാളെ (ഡിസംബര്‍ 23)

ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടക്കുന്ന അറുപത്തി ഒന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രൊമോ വീഡിയോ ലോഞ്ചിംഗ് നാളെ (ഡിസംബര്‍ 23) രാവിലെ 9.30 ന് വെസ്റ്റ്ഹില്‍ പഴയ ഗസ്റ്റ് ഹൗസില്‍ നടക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വീഡിയോ ലോഞ്ചിംഗ് നിര്‍വ്വഹിക്കും. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ എന്നിവര്‍ സന്നിഹിതരാകും.

പനങ്ങാട് പഞ്ചായത്തിൽ തൊഴിൽ സഭകൾക്ക് തുടക്കമായി

പനങ്ങാട് ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭക്ക് തുടക്കമായി. അഭ്യസ്ഥവിദ്യരായ യുവതി യുവാക്കൾക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള സാധ്യതകളും സംരംഭക സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും ജനങ്ങളിലേക്കെത്തിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാർ പരിപാടിയാണ് തൊഴിൽ സഭ.

ഗ്രാമ പഞ്ചായത്തിലെ തൊഴിൽ സംരംഭക തത്പരർ, തൊഴിലന്വേഷകർ എന്നിവരെ ഒരേ വേദിയിൽ കൊണ്ടു വരികയാണ് ലക്ഷ്യം. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആറ് ജനസഭകളാണ് സംഘടിപ്പിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ തൊഴിൽ സഭ കെ.എം. സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുഖ്മാൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സിദ്ധ ദിനാചരണ പരിപാടികൾ നാളെ( ഡിസംബർ 23) ടാഗോർ ഹാളിൽ നടക്കും

സിദ്ധ ദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഡിസംബർ 23) ടാഗോർ ഹാളിൽ നടക്കും. തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ രാവിലെ 10 മണിക്ക് ഉദ്ഘാടനം നിർവഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.

ഭാരതീയ ചികിത്സ വകുപ്പിന്റെയും സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാലയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.

ജനുവരി 9 ദേശീയ സിദ്ധ ദിനവുമായി ബന്ധപ്പെട്ട് സിദ്ധ വൈദ്യത്തിന്റെ സാധ്യതകളെ ജനകീയമാക്കുന്നതിന് വിവിധ ആഘോഷ പരിപാടികളാണ് ജില്ലയിൽ നടക്കുന്നത്. മെഗാ സിദ്ധ മെഡിക്കൽ ക്യാമ്പും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ രക്ത പരിശോധനയും ആരോഗ്യ പാചക മത്സരവും, ബോധവൽകരണ ക്ലാസ്സും എക്സിബിഷനും സംഘടിപ്പിക്കും.

കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് 2022 ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം

കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് ഈ വർഷമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പത്താമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡാനന്തര ടൂറിസം എങ്ങനെയുണ്ടാവണം എന്നുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണത്തെ തുടർന്ന് നിരവധി പുരസ്കാരങ്ങളാണ് സംസ്ഥാനം കരസ്ഥമാക്കിയത്. കടൽ മാർഗ്ഗമാണ് വിദേശ സഞ്ചാരികൾ കൂടുതലും കേരളത്തിലേക്കുന്നത്. അതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ പ്രചരണ പരിപാടികളും നടത്തിവരുന്നു. സർക്കാരിന്റെ തുടർച്ചയായുള്ള പരിശ്രമത്തിന്റെ ഭാഗമായി ബ്രിട്ടനിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇ- വിസ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് വിനോദസഞ്ചാര മേഖലയിൽ വലിയ സംഭാവനയാണ് നൽകുന്നത്. വിദേശ-ആഭ്യന്തര സഞ്ചാരികളെ ഒരുപോലെ ആകർഷിക്കാൻ മേളയ്ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്രാഫ്റ്റ് ബസാർ പവലിയന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയും അന്താരാഷ്ട്ര കരകൗശല പവലിയന്റെ ഉദ്ഘാടനം പയ്യോളി മുനിസിപാലിറ്റി ചെയർമാൻ വടക്കയിൽ ഷെഫീഖും നിർവഹിച്ചു. നബാഡ് ചീഫ് ജനറൽ മാനേജർ ജി ഗോപകുമാരൻ നായർ നബാഡ് പവലിയൻ ഉദ്ഘാടനം ചെയ്തു. യു.എൽ.സി.സി ചെയർമാൻ രമേശൻ പാലേരി മന്ത്രിക്ക് ഉപഹാരം കൈമാറി.

ഡിസംബര്‍ 22 മുതല്‍ ജനുവരി 9 വരെയാണ് മേള നടക്കുന്നത്. 26 സംസ്ഥാനങ്ങളില്‍ നിന്നും 500 ല്‍ പരം കരകൗശല വിദഗ്ധരും ബംഗ്ലാദേശ്, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, സിറിയ, താജിക്കിസ്ഥാന്‍, തായ്ലാന്‍ഡ്, മൗറീഷ്യസ്, ഉസ്ബെക്കിസ്ഥാന്‍, ലെബനന്‍ തുടങ്ങി 10 ല്‍ പരം രാജ്യങ്ങളിലെ കരകൗശല കലാകാരന്മാരും മേളയില്‍ പങ്കെടുക്കും. ഉസ്ബെക്കിസ്ഥാന്‍ മേളയുടെ പാര്‍ട്ണർ രാജ്യമാണ്.

മിനിസ്ട്രി ഓഫ് ടെക്സ്റ്റൈല്‍സ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ ഓഫ് ഹാന്‍ഡി ക്രാഫ്ട്സ് ഒരുക്കുന്ന ക്രാഫ്റ്റ് ബസാര്‍, നബാര്‍ഡ് ക്രാഫ്റ്റ് പവിലിയന്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് പവിലിയന്‍, കേരള ഫുഡ് ഫെസ്റ്റ്, ഉസ്ബെക്കിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് റൈഡുകള്‍, കലാപരിപാടികള്‍, ബോട്ടിംഗ്, കളരി പവിലിയന്‍, മെഡിക്കല്‍ എക്സിബിഷന്‍ എന്നിവയും മേളയിലൊരുക്കിയിട്ടുണ്ട്.

കേന്ദ്ര ടൂറിസം വകുപ്പ്, ടെക്സ്റ്റൈല്‍സ് ഡവലപ്പ്മെന്റ് കമ്മിഷണർ ഓഫ് ഹാന്‍ഡി ക്രാഫ്റ്റ്സ്, നബാര്‍ഡ്, കേരള സര്‍ക്കാര്‍, വിനോദ സഞ്ചാര വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്(സമഗ്ര ശിക്ഷാ കേരളം) എന്നിവയുടെ നേതൃത്വത്തിലാണ് ക്രാഫ്റ്റ് മേള സംഘടിപ്പിക്കുന്നത്. 19 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. മുനിസിപാലിറ്റി കൗൺസിലർ മുഹമ്മദ് അഷ്റഫ്, ഹാന്റ് ക്രാഫ്റ്റ് സർവീസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സജി പ്രഭാകരൻ, പാരമ്പരിക് കരിഗർ വൈസ് പ്രസിഡന്റ് നിരഞ്ചൻ ജൊന്നാലഗഡ്ഡ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ പി പി ഭാസ്ക്കരൻ സ്വാഗതവും ജനറൽ മാനേജർ ടി.കെ രാജേഷ് നന്ദിയും പറഞ്ഞു.

കേരള അഗ്രോ ബിസിനസ് കമ്പനി ജനുവരിയിൽ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി. പി പ്രസാദ്

കേരള അഗ്രോ ബിസിനസ് കമ്പനി ജനുവരിയിൽ യാഥാർത്ഥ്യമാകുമെന്ന് കൃഷി വകുപ്പ് മന്ത്രി. പി പ്രസാദ്. വേങ്ങേരി അഗ്രിഫെസ്റ്റ് കാർഷിക വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കർഷകർക്കും വ്യാപാരികൾക്കും പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലായിരിക്കും കേരള അഗ്രോ ബിസിനസ് കമ്പനി രൂപം കൊള്ളുന്നത്. കാർഷിക മേഖലയിൽ ഇതൊരു പുതിയ കാൽവെപ്പായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷിയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആസൂത്രണമാണ് ഈ വർഷം മുതൽ കൃഷി വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ശാസ്ത്രീയവും പരമ്പരാഗതവുമായ അറിവ് കൊണ്ട് വേണം കൃഷിയിടത്തെ കണക്കിലെടുക്കാൻ. മണ്ണിന്റെയും ഭൂമിയുടെയും കാലാവസ്ഥയുടെയും പ്രത്യേകതകൾ കണക്കിലെടുത്ത് ഏത് കൃഷി ചെയ്താലാണ് ഏറ്റവും നല്ല വിളവ് കിട്ടുക എന്ന് മനസ്സിലാക്കി ആ കൃഷി രീതി പിന്തുടരണം. വാർഡ്,പഞ്ചായത്ത്, ബ്ലോക്ക് ,ജില്ല,സംസ്ഥാന തലങ്ങളിലുള്ള ആസൂത്രണത്തിലൂടെ എത്രമാത്രം ഉത്പാദനം ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ സാധിക്കും.1076 കൃഷിഭവനുകളിലും ഫാം പ്ലാനുകൾ ഉണ്ടാകണമെന്നാണ് കൃഷിവകുപ്പ് ആലോചിക്കുന്നത്. 800 അധികം ഫാം പ്ലാനുകൾ ഇതിനോടകം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിലേക്ക് എത്തുന്നതിനായി വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷൻ രൂപീകരിച്ചിട്ടുണ്ട്. 11 സർക്കാർ വകുപ്പുകൾ ചേർന്ന ഈ സംവിധാനത്തിൽ മുഖ്യമന്ത്രി ചെയർമാനായും കൃഷി, വ്യവസായ വകുപ്പ് മന്ത്രിമാർ വൈസ് ചെയർമാൻമാരുമായി പ്രവർത്തിക്കും. കാർഷിക വിളകൾ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായാൽ കർഷകരുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. നാട്ടിലും മറുനാട്ടിലും വിപണനം നടത്താൻ കഴിയണം. കുറഞ്ഞത് 50 ശതമാനം എങ്കിലും വർദ്ധനവ് ഉണ്ടാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിലവിൽ റീഫർ വാഹനങ്ങൾ 19 എണ്ണം കൃഷിവകുപ്പ് പുറത്തിറക്കിയിട്ടുണ്ട് . പ്രാഥമിക കാർഷിക ബാങ്കുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ രംഗത്ത് ഗൗരവമായി ഇടപെട്ടാൽ കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാനാകും. ഉൽപ്പന്നങ്ങളുടെ ആകർഷകമായ പാക്കിംഗിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിംഗുമായി ചേർന്നു ട്രെയിനിങ് സൗകര്യമൊരുക്കാനുള്ള നടപടികളിലേക്ക് നീങ്ങും. പഴം ,പച്ചക്കറി മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്തി അന്താരാഷ്ട്ര ഇടങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നാളികേര കർഷകരെ സഹായിക്കുന്നതിനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങുകയാണ്. ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സും ഫാർമേഴ്സ് ഓർഗനൈസേഷനും കേരഗ്രാമങ്ങളും കേരസമിതികളും ഫലപ്രദമായി ഇടപെടലുകൾ നടത്തുമ്പോൾ ഇക്കാര്യത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കാനാകുമെന്നും മന്ത്രിപറഞ്ഞു.

മണ്ണ് വെറുതെയിടാനുള്ളതല്ലെന്നും കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവ വിട്ടുകൊടുക്കണമെന്നും മന്ത്രി പറഞ്ഞു. വേങ്ങേരി മാർക്കറ്റിൽ തരിശായി കിടന്ന ഇടങ്ങളിൽ കൃഷി ചെയ്ത എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. സമ്പൂർണ്ണമായ കൃഷിയിടങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മലബാറിന്റെ ഭക്ഷ്യ സാംസ്കാരിക കാർഷിക രീതികൾ സമുന്നയിക്കുന്ന ഒന്നായി പുഷ്പമേളയും കാർഷികമേളയും മാറട്ടെ എന്നും മന്ത്രി ആശംസിച്ചു.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. മേയർ ഡോ. ബീന ഫിലിപ്പ്, കൃഷിവകുപ്പ് ഡയറക്ടർ ഇൻ ചാർജ് ജോർജ് അലക്സാണ്ടർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. വേങ്ങേരി മാർക്കറ്റിലെ ലേലത്തിൽ ഏറ്റവും കൂടുതൽ പച്ചക്കറി കൊണ്ടുവന്ന കർഷകൻ മഞ്ചേരി പുൽക്കൊള്ളി അബ്ദുള്ള കുട്ടിക്കോയയെ ചടങ്ങിൽ ആദരിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ നാസർ. കൗൺസിലർ കെ.സി ശോഭിത, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി ഗവാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ കോഴിക്കോട് മിനി ഇ.എസ്, വേങ്ങേരി മാർക്കറ്റ് അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്സ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി തടമ്പാട്ടുത്താഴം പ്രസിഡണ്ട് രമേഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി, കർഷക സംഘടനാ പ്രതിനിധികൾ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു. വേങ്ങേരി മാർക്കറ്റ് സെക്രട്ടറി രമാദേവി പി.ആർ സ്വാഗതവും അഗ്രി ഫെസ്റ്റ് ചെയർമാൻ കെ ജയൻ നന്ദിയും പറഞ്ഞു

ഡിസംബർ 31 വരെ നടക്കുന്ന വേങ്ങേരി അഗ്രി ഫെസ്റ്റിവൽ ഫ്ലവർ ഷോ,കാർഷിക കാർഷികേതര വിപണന പ്രദർശനം, നാട്ടുചന്ത, കാർഷിക സെമിനാറുകൾ ,ഫുഡ് കോർട്ട് ,അമ്യൂസ്മെന്റ് പാർക്ക് ,അലങ്കാര മത്സ്യപ്രദർശനം, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ഉണ്ടാകും.