ലൈംഗിക ദൃശ്യങ്ങള്‍ കൂടുതലെന്ന് ആരോപിച്ച് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി; കോഴിക്കോട് ആശിര്‍വാദ് തിയേറ്ററിനെതിരെ സംവിധായകന്‍


കോഴിക്കോട് : ലൈംഗിക ദൃശ്യങ്ങള്‍ കൂടുതലെന്ന് ആരോപിച്ച് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിയ കോഴിക്കോട് ആശിര്‍വാദ് തിയേറ്ററിനെതിരെ സംവിധായകന്‍ സജിന്‍ ബാബു. ദേശീയ-സംസ്ഥാന അന്തര്‍ദേശീയ അംഗീകാരം നേടിയ രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് കൂടി ക്ലിയര്‍ ചെയ്ത ചിത്രം ബിരിയാണി പ്രദര്‍ശിപ്പിക്കാത്തതിനെതിരെയാണ് പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്.


കോഴിക്കോട് ജില്ലയിലെ ആര്‍ പി മാളിലെ ആശിര്‍വാദ് സിനിപ്ലക്സ് തിയേറ്ററില്‍ രണ്ട് പ്രദര്‍ശനങ്ങള്‍ ചാര്‍ട്ട് ചെയ്തിരുന്നു.പണം അടച്ചതിനു ശേഷമാണ് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. ലൈംഗിക ദൃശ്യങ്ങള്‍ കൂടുതലാണെന്ന കാരണത്താലാണ് പ്രദര്‍ശനം നിഷേധിച്ചത് എന്നാണ് തിയറ്റര്‍ അധികൃതര്‍ അറിയിച്ചത്. സാംസ്‌കാരിക ഫാസിസത്തിനെതിരെ പ്രതിഷേധിക്കുമെന്ന് സിനിമാ സംഘാടകര്‍ അറിയിച്ചു.

 

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍ വായിക്കാം

  • ദേശീയ,സംസ്ഥാന,അന്തർദേശിയ അംഗീകാരങ്ങൾ നേടിയ, രാജ്യത്തെ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത ഞങ്ങളുടെ ചിത്രം “ബിരിയാണി” കോഴിക്കോട് മോഹൻലാൽ സാറിൻ്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് RP മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്യുകയും, പോസ്റ്റർ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷം സിനിമ പ്രദർശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ്. കാരണം അന്വേഷിച്ചപ്പോൾ മാനേജർ പറയുന്നത് സദാചാര പ്രശ്നമാണ് (സെക്ഷ്വൽ സീനുകൾ കൂടുതലാണത്രെ). ഇതുതന്നെയാണോ യഥാർത്ഥ കാരണം, അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. തിയറ്ററുകൾ A സെർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദര്ശിപ്പിക്കില്ല എങ്കിൽ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാരപോലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പർ സെൻസർ ബോർഡ് ആകാൻ തിയറ്ററുകൾക്ക് എന്താണ് അധികാരം..? ഇത് ഒരുതരത്തിൽ സാംസ്കാരിക ഫാസിസം തന്നെയാണ്…