ലോക്ഡൗണ്‍ ഇളവുകള്‍: തിയേറ്ററുകള്‍ക്കും സ്‌കൂളുകള്‍ക്കും ലോക്കഴിഞ്ഞില്ല; പരിശോധിക്കാം പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ അനുവദിക്കാത്തത് എന്തൊക്കെയെന്ന്


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതല്‍ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങള്‍. പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നുണ്ടെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അനുവാദമില്ലാത്തത്

  • സ്‌കൂളുകള്‍, കോളേജുകള്‍, ട്യൂഷന്‍ സെന്റുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല.
  • മാളുകളില്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് മാത്രം അനുമതി.
  • ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതിയില്ല. എന്നാല്‍ ഓപ്പണ്‍ ഏരിയയിലും കാറുകളിലും പാര്‍ക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകള്‍ക്ക് ഭക്ഷണം വിളമ്പാം.
  • എല്ലാ വിധ സാമൂഹിക – സാംസ്‌കാരിക കൂട്ടായ്മകളും നിരോധിച്ചിരിക്കുന്നു. എന്നാല്‍ വിവാഹം, മരണം എന്നിവയ്ക്ക് ഇരുപത് പേരെ അനുവദിക്കും.
  • വലിപ്പം കുറഞ്ഞ ആരാധാനലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനമുണ്ടാവില്ല. ഒരാള്‍ക്ക് 25 ചതുരശ്രഅടി സ്ഥലമെങ്കിലും ഉറപ്പാക്കണം.
  • ഒരു ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമേ വ്യാപാരശാലകളിലും മാര്‍ക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ. അല്ലാത്തവര്‍ക്ക് പ്രവേശനത്തിന് അനുമതിയില്ല.