വടകരയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ നാടുവിട്ടത് ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന്


വടകര: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വടകര ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റ് കെ.പി അനില്‍കുമാര്‍ നാടുവിട്ടത് തൊഴില്‍പരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്. ജോലിപരമായ സമ്മര്‍ദ്ദം താങ്ങാനാവാത്തതു കാരണമാണ് നാടുവിട്ടതെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് വടകര എസ്.ഐ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വെള്ളിയാഴ്ച കോയമ്പത്തൂരില്‍ കണ്ടെത്തിയ അദ്ദേഹത്തെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

ആഗസ്റ്റ് 27നാണ് വടകര മാക്കൂല്‍ പീടിക സ്വദേശിയായ അനില്‍കുമാറിനെ കാണാതായത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫാക്കിയിരുന്നു. അടുത്തിടെ അദ്ദേഹം ഫോണിലൂടെ ബന്ധപ്പെട്ട 200ല്‍ പരം ആളുകളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു അന്വേഷണം തുടങ്ങിയത്. എന്നാല്‍ യാതൊരുവിവരവും ലഭിച്ചില്ല. രണ്ടുദിവസം മുമ്പ് ഇയാള്‍ കോയമ്പത്തൂരിലെ ഗാന്ധിപുരം ചെക്കന്‍തോട്ടം മൊബൈല്‍ ടവര്‍പരിധിയില്‍ ഫോണ്‍ ഓണാക്കുകയും പിന്നീട് ഓഫാക്കുകയും ചെയ്തതാണ് അന്വേഷണ സംഘത്തിന് തുണയായത്.

ഗാന്ധിപുരത്തെത്തിയ പൊലീസ് പ്രാദേശിക മാധ്യമങ്ങളിലൂടെയും സാമൂഹ മാധ്യമങ്ങളിലൂടെയും അനില്‍കുമാറിന്റെ തിരോധാന വാര്‍ത്തയും ഫോട്ടോയും പ്രചരിപ്പിച്ചു. പ്രധാന കവലകളില്‍ തമിഴില്‍ ഇതുസംബന്ധിച്ച് പോസ്റ്റര്‍ പതിപ്പിക്കുകയും അവിടുത്തെ കടകളില്‍ ഫോട്ടോകാണിച്ച് അന്വേഷിക്കുകയും ചെയ്തു. പിന്നീട് ഒരു ഹോട്ടലില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അവിടെവെച്ച് ഭക്ഷണം കഴിച്ചതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരുടെ സഹായത്തോടെ ഇയാള്‍ താമസിക്കുന്ന മുറി കണ്ടെത്തുകയായിരുന്നു. അന്വേഷണ സംഘത്തിനൊപ്പം അനില്‍കുമാറിന്റെ ബന്ധുവും കോയമ്പത്തൂരിലേക്ക് പോയിരുന്നു.

വടകര കോസ്റ്റല്‍ സി.ഐ ഉമേഷ്, വടകര പൊലീസ് സ്റ്റേഷന്‍ സി.ഐ കെ.കെ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. സി.പി.ഒമാരായ പി.ടി സജിത്ത്, കെ. ഷിനില്‍ എന്നിവരാണ് കൊയമ്പത്തൂരില്‍ അന്വേഷണം നടത്തിയതും അനില്‍കുമാറിനെ കണ്ടെത്തിയതും.

കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിലെത്തിയ ശേഷം 11 മണിയോടെ പുറത്ത് പോയ അനില്‍കുമാര്‍ നാടുവിടുകയായിരുന്നു. അനില്‍കുമാറിന്റെ കാര്‍ ദേശീയപാതയില്‍ നാരായണനഗറില്‍ ഫെഡറല്‍ബാങ്കിനു സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

വിലങ്ങാട് മാവേലി സ്റ്റോറിലെ മാനേജരായിരുന്ന അനില്‍ കുമാര്‍ മൂന്ന് മാസം മുമ്പാണ് വടകരയിലേക്ക് സ്ഥലം മാറി എത്തിയത്.