വടകരയില്‍ കാണാതായ സിവില്‍ സപ്ലൈസ് ജീവനക്കാരനെ കോയമ്പത്തൂരില്‍ കണ്ടെത്തി; നിര്‍ണ്ണായകമായത് ടവര്‍ ലൊക്കേഷന്‍


വടകര: ഒരാഴ്ച മുമ്പ് കാണാതായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വടകര ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റിനെ കോയമ്പത്തൂരില്‍ കണ്ടെത്തി. മാക്കൂല്‍പീടികയില്‍ കൂളിയുള്ള പറമ്പത്ത് കെ.പി അനില്‍കുമാറിനെയാണ് (47) ഇന്ന് രാവിലെ പൊലീസ് കണ്ടെത്തിയത്.

വടകരയില്‍ നിന്ന് കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘമാണ് അനില്‍കുമാറിനെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ബന്ധുവും പൊലീസിനൊപ്പം കോയമ്പത്തൂരിലേക്ക് പോയിരുന്നു.

കാണാതായ അന്നു മുതൽ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെങ്കിലും രണ്ട് ദിവസം മുമ്പ് ഫോണ്‍ ഓണായി. ഫോണ്‍ വീണ്ടും സ്വിച്ച് ഓഫ് ആയെങ്കിലും അനില്‍കുമാറിന്റെ ടവര്‍ ലൊക്കേഷന്‍ കോയമ്പത്തൂര്‍ ആണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതാണ് നിര്‍ണ്ണായകമായത്.

തുടര്‍ന്നാണ് ബന്ധുവിനൊപ്പം പൊലീസ് സംഘം കോയമ്പത്തൂരിലേക്ക് തിരിച്ചതും ഇന്ന് രാവിലെ അനില്‍ കുമാറിനെ കണ്ടെത്തിയതും. അദ്ദേഹത്തെയും കൊണ്ട് പൊലീസ് സംഘം നാട്ടിലേക്ക് തിരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അനില്‍ കുമാറിനെ കാണാതായത്. ഓഫീസിലെത്തിയ ശേഷം 11 മണിയോടെ പുറത്ത് പോയ ഇദ്ദേഹത്തെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. അനിൽകുമാറിന്റെ കാര്‍ ദേശീയപാതയില്‍ നാരായണനഗറില്‍ ഫെഡറല്‍ബാങ്കിനു സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

വിലങ്ങാട് മാവേലി സ്റ്റോറിലെ മാനേജരായിരുന്ന അനില്‍ കുമാര്‍ മൂന്ന് മാസം മുമ്പാണ് വടകരയിലേക്ക് സ്ഥലം മാറി എത്തിയത്.