വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ആക്രി ചലഞ്ച്; ചക്കിട്ടപ്പാറ പഞ്ചായത്ത് ചലഞ്ചിലൂടെ സമാഹരിച്ചത് രണ്ടര ലക്ഷം രൂപ


ചക്കിട്ടപാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമുറപ്പുവരുത്താനായി പഞ്ചായത്ത് സംഘടിപ്പിച്ച ആക്രി ചലഞ്ചിലൂടെ സമാഹരിച്ച വസ്തുക്കള്‍ ലേലത്തില്‍ വിറ്റു. പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച ആക്രിസാധനങ്ങളാണ് ലേലത്തില്‍ വിറ്റത്.

ആക്രി ചലഞ്ചിലൂടെ രണ്ടര ലക്ഷം രൂപ പഞ്ചായത്തിന് സമാഹരിക്കാന്‍ കഴിഞ്ഞു. ഒരാഴ്ച നീണ്ടു നിന്ന ചലഞ്ചില്‍ എല്ലാ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച ആക്രിസാധനങ്ങളാണ് ലേലത്തില്‍ വിറ്റത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിചേര്‍ന്നത്.

ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പഠന സൗകര്യമൊരുക്കാനാണ് ഇത്തരമൊരു പദ്ധതിയുമായി പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്. ജനങ്ങള്‍ പദ്ധതി ഏറ്റെടുത്തതോടെ ആക്രി ചലഞ്ച് വിജയമായി. ഇതിലൂടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.