വിഷുവെത്തി, ജില്ലയിലെ പടക്കവ്യാപാരികള്‍ പ്രതിസന്ധിയില്‍


കോഴിക്കോട് : വിഷുവിന് പത്ത് നാള്‍ ശേഷിക്കെ മാസങ്ങളായി ലൈസന്‍സ് പുതുക്കിക്കിട്ടാതെ കോഴിക്കോട് ജില്ലയിലെ പടക്കവ്യാപാരികള്‍. നേരത്തേയുള്ള ലൈസന്‍സ് പുതുക്കിക്കിട്ടാനും പുതുതായി ലൈസന്‍സിന് അപേക്ഷിച്ചവരും ഉള്‍പ്പെടെ 265 പേരാണ് ജില്ലയില്‍ ഡിസംബര്‍ മുതല്‍ വിവിധ മാസങ്ങളിലായി ലൈസന്‍സ് അനുമതിക്കായി കാത്തിരിക്കുന്നത്.

വിവിധ കാരണങ്ങളാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ലൈസന്‍സ് കിട്ടാത്തത്. മാര്‍ച്ച് 31 വരെയാണ് ലൈസന്‍സ് കാലാവധി. ഏപ്രില്‍ മാസമായതിനാല്‍ പലര്‍ക്കും വ്യാപാരം തുടരാന്‍ സാധിക്കാത്ത സാഹചര്യമാണ്. വിഷുവിനാണ് പ്രധാനമായും കച്ചവടം നടക്കേണ്ടത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം കാരണം വ്യാപാരം നടന്നിട്ടില്ല. ലൈസന്‍സ് ലഭിക്കാന്‍ വൈകുംതോറും ഇപ്രാവശ്യവും വരുമാനനഷ്ടം ഉണ്ടാകുമെന്ന് കച്ചവടക്കാര്‍ പറയുന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എ.ഡി.എം.) ആണ് ഇവര്‍ക്ക് ലൈസന്‍സ് നല്‍കേണ്ടത്.

എന്നാല്‍ പോലീസിന്റെയും അഗ്‌നി രക്ഷാസേനയുടെയും പരിശോധന കഴിഞ്ഞുകിട്ടിയ എല്ലാ അപേക്ഷകളിലും ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് എ.ഡി.എം. എന്‍. പ്രേമചന്ദ്രന്‍ പറഞ്ഞു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഇതുവരെയുള്ള അപേക്ഷകളിലെല്ലാം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ബാക്കി വരുന്ന അപേക്ഷകളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.