‘സംസ്ഥാനത്ത് മൂന്നാം തരംഗം’; തുടക്കത്തില്‍ തന്നെ അതിതീവ്ര വ്യാപനം, ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒന്നാം തരംഗത്തില്‍നിന്നും രണ്ടാം തരംഗത്തില്‍നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡെല്‍റ്റയും ഒമിക്രോണും കാരണവും കോവിഡ് കേസുകള്‍ ഉണ്ടാകുന്നുണ്ട്. ഡെല്‍റ്റയെക്കാള്‍ തീവ്രത കുറവാണ് ഒമിക്രോണിന്. പക്ഷെ അതിന്റെ അര്‍ഥം ഒമിക്രോണ്‍ അവഗണിക്കാം എന്നുള്ളതല്ല. ഒമിക്രോണുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാന രഹിതമാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം തടയേണ്ടത് ഓരോരുത്തരുടെയും ആവശ്യവും ഉത്തരവാദിത്തവുമാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണിന്റെ വ്യാപനശേഷി വളരെ കൂടുതലായതിനാല്‍ എന്‍. 95 മാസ്‌കോ ഡബിള്‍ മാസ്‌കോ വേണം എല്ലാവരും ധരിക്കാന്നെും മന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം, വാക്‌സിന്‍ സ്വീകരിക്കണം, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബൂസ്റ്റര്‍ ഡോസ് എടുക്കണം, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം എന്നീ അഞ്ചുകാര്യങ്ങള്‍ വ്യക്തികളെന്ന നിലയില്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കണം. നിലവില്‍ പലയിടത്തും ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ട്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

1508 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ ജനുവരി മുതല്‍ ഇതുവരെ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരും പോസിറ്റീവ് ആകുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പൊതുജനങ്ങള്‍ അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കണം. ഇതിന്റെ ഭാഗമായി ഇ സഞ്ജീവനി വഴി ടെലി മെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം. ആശുപത്രികളില്‍ ജീവനക്കാരുടെ കൂട്ടംചേരല്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. രോഗിയുടെ കൂട്ടിരിപ്പിന് ഒരാള്‍ മാത്രം പോകാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3,107 ഐ.സി.യു. ബെഡ്ഡുകളുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 7,468 ബെഡ്ഡുകളുമുണ്ട്. വെന്റിലേറ്റര്‍ കിടക്കകള്‍ സര്‍ക്കാര്‍ മേഖലയില്‍ 2,293 ഉം സ്വകാര്യമേഖലയില്‍ 2432 എന്നിങ്ങനെയുണ്ടെന്നും മന്ത്രി പറഞ്ഞു.