സിനിമ മുത്തച്ഛന്‍ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു


പയ്യന്നൂര്‍: 98-ാം വയസില്‍ കോവിഡിനെ തോല്‍പ്പിച്ച മലയാള സിനിമയുടെ മുത്തച്ഛന്‍ കോറോം പുല്ലേരി വാധ്യാര്‍ ഇല്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1923 ഒക്ടോബര്‍ 19ന് പുല്ലേരി വാധ്യാര്‍ ഇല്ലത്ത് നാരായണന്‍ വാധ്യാര്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ദേശാടനത്തില്‍ അഭിനയിക്കുമ്പോള്‍ 76 വയസായിരുന്നു അദ്ദേഹത്തിന്. അവിചാരിതമയാണ് സിനിമയിലേക്കുള്ള പ്രവേശനം.

ദേശാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ സംവിധായകന്‍ ജയരാജ് കൈതപ്രത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അവിടുണ്ടായിരുന്നു. ഇതാണ് നമ്മുടെ മുത്തച്ഛനെന്ന് ജയരാജ് നിശ്ചയിക്കുകയും സിനിമയില്‍ അഭിനയിപ്പിക്കുകയുമായിരുന്നു. പിന്നീട് മലയാളം കടന്ന് തമിഴിലും സാനിധ്യമറിയിക്കാന്‍ അദ്ദേഹത്തിനായി. കമല്‍ഹാസനൊപ്പം ‘പമ്മല്‍ കെ സമ്മന്തം’, രജനീകാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യറായിയുടെ മുത്തച്ഛന്‍ വേഷത്തില്‍ ‘കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’, മലയാളസിനിമകളായ ‘രാപ്പകല്‍’, ‘കല്യാണരാമന്‍’, ‘ഒരാള്‍മാത്രം’ തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരുമകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

എകെജി, ഇഎംഎസ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാളികള്‍ക്ക് ഒളിത്താവളം ഒരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടേത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി വന്നു.

ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട.സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി.വി.ഉണ്ണിക്കൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്, സിനിമ പിന്നണി ഗായകൻ ഗായകൻ), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യുപി സ്കൂൾ), പുരുഷോത്തമൻ (എൻജിനീയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ.പി.വി.കെ.നമ്പൂതിരി, സരസ്വതി അന്തർജനം, സാവിത്രി അന്തർജനം, സുവർണിനീ അന്തർജനം.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക