ഓടുന്ന ജീപ്പില്‍ 15 ഓളം വിദ്യാര്‍ഥികള്‍; ഒപ്പം സാഹസികാഭ്യാസ പ്രകടനങ്ങളും; മമ്പറത്ത് അഭ്യാസത്തിനിടയില്‍ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി


കൂത്തുപറമ്പ്: മമ്പറത്ത് തുറന്ന ജീപ്പില്‍ കുട്ടകളെ കുത്തിനിറച്ച് സാഹസികാഭ്യാസ പ്രകടനം. 15 ഓളം വിദ്യാര്‍ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. ഓടുന്ന ജീപ്പില്‍ നിന്നുള്ള സാഹസികാഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്നും അത്ഭുതകരമായാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ജീപ്പിലുണ്ടായിരുന്നത്.

സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്ത പോലീസ് ജീപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ മമ്പറം പാലത്തിനടുത്ത മൈതാനിയിലായിരുന്നു കുട്ടികളുടെ അഭ്യാസ പ്രകടനം. വിദ്യാര്‍ഥികള്‍ ഉപയോഗിച്ച ജീപ്പ് പൊടിമണ്ണ് നിറഞ്ഞ മൈതാനിയിലൂടെ കുട്ടികളുമായി വട്ടം കറങ്ങുകയായിരുന്നു. നിരവധി തവണയാണ് ഇത്തരത്തില്‍ വട്ടം കറങ്ങിയത്.

ജീപ്പിന്റെ ബോണറ്റില്‍ വരെ കുട്ടികളെ ഇരുത്തിയായിരുന്നു അഭ്യാസപ്രകടനം. ഇതിന്റെ വീഡിയോ നാട്ടുകാര്‍ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.